
വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. നിലവിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെയെല്ലാം എത്രയും വേഗം പുറത്തെടുക്കാൻ അടിയന്തരമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ആവശ്യമായ ധനസഹായവും ഉറപ്പുവരുത്തണം. അതോടൊപ്പം തന്നെ, ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളിലോ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിലോ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് ഗൗരവപൂർവ്വം പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Meppadi Disaster: Opposition Leader Assures Support to Govt, Demands Immediate Financial Aid for Victims











