
ന്യൂയോർക്ക്: അമേരിക്കയോടും ഇസ്രായേലിനോടും ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലും ഇറാൻ ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയായി അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉപരോധങ്ങളും ഭീഷണികളും വർദ്ധിക്കുംതോറും ഇറാനിയൻ ജനതയുടെ പ്രതിരോധ വീര്യം കൂടുമെന്നും കീഴടങ്ങൽ എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ഭരണകൂടത്തെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പരാമർശത്തിന് ശക്തമായ മറുപടിയാണ് പെസെഷ്കിയാൻ നൽകിയത്. തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ സ്കൂൾ കുട്ടികളുടെ ചിത്രങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി. തങ്ങളുടെ പരമോന്നത നേതാവ് വധിക്കപ്പെടുകയും നിരപരാധികളായ കുരുന്നുകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പെസെഷ്കിയാന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് യുഎസ് പ്രതിനിധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
സ്വയം പ്രതിരോധിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ഇറാന്റെ ഭാവി സുരക്ഷിതമാക്കാൻ രാജ്യം സൈനികമായി ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം അവസാനിപ്പിച്ചാൽ മാത്രമേ ഏതൊരു ചർച്ചയും സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും എന്നാൽ ഊർജ്ജ ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതികളിൽ യാതൊരു നിയന്ത്രണവും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









