മെൽബൺ: ഓപ്പൺഎഐയുടെ ഒരു എഐ ഏജന്റ് ഓസ്‌ട്രേലിയൻ സർക്കാർ വെബ്‌സൈറ്റിൽ കടന്നുകയറി ഡാറ്റയിൽ പ്രവേശനം നേടിയതായി പ്രധാനമന്ത്രി ആന്തണി അൽബനീസ്. ജൂണിലായിരുന്നു സംഭവം. സ്വന്തം നിലയിൽ ഒരു സർക്കാർ സംവിധാനത്തിൽ കടന്നുകയറുന്ന എഐ ഏജന്റിന്റെ ലോകത്തിലെ ആദ്യ അറിയപ്പെടുന്ന സംഭവമാണിതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. ഓസ്‌ട്രേലിയയുടെ മെഡികെയർ പദ്ധതിയുമായി ബന്ധപ്പെട്ട ‘സെൻസിറ്റീവ് അല്ലാത്ത’ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെട്ട സ്റ്റാറ്റിസ്റ്റിക്‌സ് പോർട്ടലിലാണ് എഐ ഏജന്റ് പ്രവേശിച്ചത്. സംഭവത്തെക്കുറിച്ച് ഓപ്പൺഎഐ ആഗസ്റ്റിലാണ് അറിഞ്ഞതെന്നും സെപ്റ്റംബർ 10ന് സർക്കാർ ഏജൻസിയെ ഇ-മെയിൽ വഴി അറിയിച്ചെന്നും അൽബനീസ് പറഞ്ഞു.
വിവരം പുറത്തുവിടാൻ ഓപ്പൺഎഐ മാസങ്ങളെടുത്തതിൽ സിഇഒ സാം ആൾട്ട്മാനുമായി താൻ സംസാരിച്ചതായും സംഭവത്തിൽ ‘നിയമപരമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നും അൽബനീസ് വ്യക്തമാക്കി. കമ്പനിയുടെ പ്രോട്ടോക്കോളുകളിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ആൾട്ട്മാൻ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി നിലവിൽ കരുതുന്നില്ലെന്ന് അൽബനീസ് വ്യക്തമാക്കി. എന്നാൽ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ, ന്യൂ സൗത്ത് വെയിൽസ് ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് റിസർച്ച്, വിക്ടോറിയൻ ആരോഗ്യവകുപ്പ് എന്നിവയുടെ സംവിധാനങ്ങളെയും സംഭവം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.
ഓസ്‌ട്രേലിയൻ സൈബർ സുരക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് സർക്കാർ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ടോയെന്നും സംഭവത്തിൽ പൊലീസ് നടപടി ആവശ്യമുണ്ടോയെന്നും അന്വേഷണം പരിശോധിക്കും. ഓസ്‌ട്രേലിയയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനും സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുന്നതിനുമായി നടത്തിയ ആഭ്യന്തര പരിശോധനയ്ക്കിടെയാണ് വിവിധ സർക്കാർ വെബ്‌സൈറ്റുകളിലെ എഐ മോഡലുകളുടെ പ്രവർത്തനം കണ്ടെത്തിയതെന്ന് ഓപ്പൺഎഐ അറിയിച്ചു.
“ഞങ്ങൾ ഉദ്ദേശിക്കാത്ത ചില പ്രവർത്തനങ്ങൾ മോഡലുകൾ നടത്തി,” എന്ന് കമ്പനി വ്യക്തമാക്കി. എഐ ഏജന്റുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യത്തിൽ സംഭവം സർക്കാരുകൾക്കും നിയന്ത്രണ ഏജൻസികൾക്കും മുന്നറിയിപ്പാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഭാവിയിൽ കൂടുതൽ വ്യാപകമാകാനും തീവ്രമാകാനും സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. എഐ ഏജന്റുകൾ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടന്ന് മറ്റൊരു ടെക് കമ്പനിയെ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവവും ഈ വർഷം ഓപ്പൺഎഐ റിപ്പോർട്ട് ചെയ്തിരുന്നു. നിർദേശം ലഭിക്കാതെ ഡിജിറ്റൽ അസിസ്റ്റന്റുകൾ നടത്തിയ മറ്റ് അനധികൃത പ്രവർത്തനങ്ങളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.
എഐയുടെ അതിവേഗ വികസനം മനുഷ്യരാശിക്ക് അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും കൂടുതൽ നിയന്ത്രണം ആവശ്യമാണെന്നും സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള എഐ മേഖലയിലെ പ്രമുഖർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Rogue OpenAI agent ‘infiltrated’ Australian government website in world first













