തുടക്കം പാളി, അഞ്ചാം നാളിൽ പടിയിറക്കം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ രാജിവച്ചു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് അഞ്ച് ദിവസം തികയും മുൻപ് കേറ്റി സക്കറിയ സ്ഥാനം ഒഴിഞ്ഞതായി ബിബിസി സ്ഥിരീകരിച്ചു. തന്റെ ആദ്യ വാർത്താസമ്മേളനത്തിലുണ്ടായ അപാകതകളെത്തുടർന്ന് ഉയർന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നാടകീയമായ രാജി.

ചൊവ്വാഴ്ച നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ കേറ്റിക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 15 മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ മൂന്ന് ചോദ്യങ്ങൾക്ക് മാത്രമാണ് അവർ മറുപടി നൽകിയത്. കുറിപ്പുകൾ നോക്കി സംസാരിച്ച കേറ്റി, പരിഭ്രാന്തിക്കിടയിൽ സ്വന്തം ഭർത്താവിനെ ‘പ്രസിഡന്റ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അവരുടെ യോഗ്യതകളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും മാധ്യമങ്ങൾ കടുത്ത ചോദ്യങ്ങൾ ഉയർത്തി.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ കേറ്റിയെ ഒരു അഭിഭാഷകയായിട്ടാണ് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ അവർ ബാർ കൗൺസിൽ പരീക്ഷ പാസായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ചു. ഏത് സംസ്ഥാനത്താണ് പരീക്ഷ പാസായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ചൈനയിൽ വെച്ച്” എന്നായിരുന്നു അവരുടെ ആദ്യ മറുപടി. എന്നാൽ പിന്നീട് താൻ പരീക്ഷ പാസായിട്ടില്ലെന്നും, എങ്കിലും ആവശ്യമായ യോഗ്യതകളോടെ ചൈനയിൽ അന്താരാഷ്ട്ര ട്രാൻസാക്ഷൻ നിയമത്തിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്നും അവർക്ക് വിശദീകരിക്കേണ്ടി വന്നു.

ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ കേറ്റിയുടെ യോഗ്യതകളെയും അപക്വമായ സമീപനങ്ങളെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. താൻ ഒരു കമ്മ്യൂണിക്കേഷൻസ് റോളിലേക്കാണ് നിയമിതയായതെന്നും അതിനാൽ താൻ അഭിഭാഷകയല്ലെന്ന കാര്യം ട്രംപിനോട് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും കേറ്റി വ്യക്തമാക്കി.

വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി കേറ്റി സക്കറിയയുടെ ഈ പെട്ടെന്നുള്ള പടിയിറക്കം ട്രംപ് ഭരണകൂടത്തിന്റെ പരാജയമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. “വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പോയിരിക്കുന്നു. മാഗാ തീവ്രവാദികൾ തകർന്നടിയുകയാണ്,” എന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എക്സിൽ കുറിച്ചു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് വെറും 10 ദിവസം മാത്രം കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ആന്റണി സ്കരാമുച്ചിയുടെ റെക്കോർഡാണ് അഞ്ച് ദിവസം കൊണ്ട് കേറ്റി മറികടന്നത്. “റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്” എന്ന് സ്കരാമുച്ചി ഇതിനോട് പ്രതികരിച്ചു. അതേസമയം, മാധ്യമങ്ങൾ കേറ്റിയോട് വളരെ മോശമായാണ് പെരുമാറിയതെന്നും, താല്പര്യമില്ലെങ്കിൽ ഈ പദവിയിൽ തുടരേണ്ടതില്ലെന്ന് താൻ അവരോട് പറഞ്ഞിരുന്നതായും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

White House Press Secretary Katie Zacharia has resigned.

More Stories from this section

family-dental
witywide