ഇറാന്റെ പിക്കാക്സ് മൗണ്ടൻ ആണവകേന്ദ്രം ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സാധ്യത പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്നായ നതാൻസിന് സമീപം ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന പിക്കാക്സ് മൗണ്ടനെ ലക്ഷ്യമിടുന്നത് പരിഗണനയിലാണെന്നാണ് ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറയുന്നത്.
“അവരുടെ ആണവകേന്ദ്രം ദശലക്ഷക്കണക്കിന് ടൺ പാറകൾക്കടിയിലാണ്. ഇപ്പോൾ പിക്കാക്സ് മൗണ്ടനെക്കുറിച്ചും പരിശോധിക്കുകയാണ്. അവിടെയും ആക്രമണം നടത്തേണ്ടിവന്നേക്കാം. വേഗത്തിൽ തകർക്കും,” ട്രംപിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും അവയില്ലാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ കൈകളിൽ ആണവായുധങ്ങൾ എത്തുന്നത് തടയുകയാണ് യുഎസിന്റെ ലക്ഷ്യമെന്നും അവ ലഭിച്ചാൽ ഇറാൻ ഉപയോഗിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഇറാനിലേക്ക് അമേരിക്കൻ കരസേനയെ അയക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും ട്രംപ് ആവർത്തിച്ചു.
ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളും ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന GBU-43/B ബോംബ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ, ഇത് ആണവായുധമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അനഡോലു ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നതാൻസ് ആണവകേന്ദ്രത്തിന് ഏകദേശം 1.5 കിലോമീറ്റർ തെക്കായാണ് പിക്കാക്സ് മൗണ്ടൻ സ്ഥിതിചെയ്യുന്നത്. മറ്റ് കേന്ദ്രങ്ങളിൽനിന്ന് മാറ്റിയ ആണവ സെൻട്രിഫ്യൂജുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഗ്രാനൈറ്റ് പാറകൾക്കടിയിൽ 600 മീറ്റർ വരെ ആഴമുള്ള ഈ പർവതത്തിൽ 100 മീറ്ററിലധികം തുരങ്കങ്ങൾ ഇറാൻ നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന ഉയർന്ന സമ്പുഷ്ടീകരണമുള്ള യുറേനിയത്തിന്റെ ഒരു ഭാഗം ഇവിടെ സൂക്ഷിച്ചിട്ടുണ്ടാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ, പിക്കാക്സ് മൗണ്ടനിൽ ആണവ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎസ് ഭീഷണി ആക്രമണത്തിനും നശീകരണത്തിനുമുള്ള കെട്ടിച്ചമച്ച ന്യായീകരണമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘We’ll knock it out fast’: Trump says may target Iran’s Pickaxe Mountain nuclear facility










