ട്രംപിന്റെ പ്രസംഗങ്ങളിലെ വാക്കുകൾ മുൻകൂട്ടി അറിഞ്ഞ് വാതുവെപ്പ്; വൈറ്റ് ഹൗസ് ജീവനക്കാരനെതിരെ അന്വേഷണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ മുൻകൂട്ടി അറിഞ്ഞ് വാതുവെപ്പ് നടത്തി ഏകദേശം ഒരു ലക്ഷം ഡോളർ (ഏകദേശം 85 ലക്ഷം രൂപ) ലാഭം നേടിയെന്നാരോപിച്ച് വൈറ്റ് ഹൗസിലെ ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഗബ്രിയേൽ പെരസിനെതിരെ അന്വേഷണം. 2016 മുതൽ വൈറ്റ് ഹൗസിൽ ജോലി ചെയ്തുവരുന്ന പെരസ്, സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം ഉൾപ്പെടെയുള്ള പ്രധാന പൊതുപ്രസംഗങ്ങളിൽ പ്രസിഡന്റ് ഉപയോഗിക്കുന്ന വാക്കുകൾ മുൻകൂട്ടി കണക്കാക്കി വാതുവെപ്പ് നടത്തിയെന്നാണ് ആരോപണം.

യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി വാതുവെക്കാൻ സൗകര്യമൊരുക്കുന്ന Kalshi എന്ന പ്രവചന വിപണിയിലൂടെയാണ് ഇടപാടുകൾ നടന്നത്. അസാധാരണമായ വാതുവെപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമ്പനി അമേരിക്കൻ നിയന്ത്രണ ഏജൻസിയായ Commodity Futures Trading Commission (CFTC)-നെ വിവരം അറിയിക്കുകയായിരുന്നു. ലാഭം പിൻവലിക്കുന്നതിന് മുമ്പ് തന്നെ പെരസിന്റെ അക്കൗണ്ട് മരവിപ്പിച്ചതായും 90,000 ഡോളറിലധികം തുക തടഞ്ഞുവച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രസിഡന്റിന്റെ പ്രസംഗങ്ങളിൽ ചില പ്രത്യേക വാക്കുകൾ പരാമർശിക്കുമോയെന്നതിനെ അടിസ്ഥാനമാക്കിയുള്ള “മെൻഷൻ മാർക്കറ്റുകളിൽ” അസാധാരണമായ ഇടപാടുകളാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് Kalshi അറിയിച്ചു. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ബന്ധപ്പെട്ട വ്യക്തി വൈറ്റ് ഹൗസിലെ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ തെളിവുകൾ നിയന്ത്രണ ഏജൻസികൾക്ക് കൈമാറിയതായി Kalshi-യുടെ എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

അതേസമയം, പ്രസിഡന്റ് ട്രംപിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ച ശേഷം വൈറ്റ് ഹൗസിലെ സേവനത്തിൽ നിന്ന് ഒഴിവാക്കിയതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു. പെരസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, മാൻഹട്ടനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണം സംബന്ധിച്ച് പ്രതികരിച്ച CFTC, സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.

White House teleprompter operator accused of making $100k off Trump speech bets

More Stories from this section

family-dental
witywide