അധിക കാലം മുന്നോട്ട് പോകില്ല, ലോകത്തിന് മുന്നറിയിപ്പ്; ആഗോള വിപണിയിൽ ആശങ്കയേറ്റി അസംസ്‌കൃത എണ്ണശേഖരം കുത്തനെ കുറയുന്നു: ആശങ്കയെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി

പാരീസ്: ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പൂർണ്ണമായി സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐ.ഇ.എ). ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയെ പ്രതിരോധിക്കാൻ സഹായിച്ചിരുന്ന ലോകത്തിലെ പ്രധാന അസംസ്‌കൃത എണ്ണശേഖരം അതിവേഗം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഐ.ഇ.എ വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥ ഇനിയും കടുത്ത പ്രതിസന്ധിയിൽ നിന്ന് മുക്തമായിട്ടില്ലെന്ന് ഐ.ഇ.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ മറ്റ് രാജ്യങ്ങളിലെ ഉൽപ്പാദനം വർദ്ധിപ്പിച്ചാണ് നിലവിൽ പരിഹരിക്കുന്നത്. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പോലെയുള്ള ഇതര ഗതാഗത മാർഗ്ഗങ്ങളും എണ്ണവില കുതിച്ചുയരുന്നത് തടയാൻ താൽക്കാലികമായി സഹായിച്ചിട്ടുണ്ട്. എന്നാൽ ആഗോളതലത്തിലെ എണ്ണശേഖരം ഇടിയുന്ന പശ്ചാത്തലത്തിൽ ഈ ആശ്വാസം അധികകാലം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ബിറോൾ മുന്നറിയിപ്പ് നൽകുന്നു.

ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം വിപണിയിലുണ്ടായ നൂറ് കോടിയിലധികം ബാരൽ എണ്ണയുടെ കുറവ് നികത്താൻ വിവിധ രാജ്യങ്ങൾ തങ്ങളുടെ തന്ത്രപ്രധാനമായ അടിയന്തര എണ്ണശേഖരത്തെയാണ് പ്രധാനമായും ആശ്രയിച്ചത്. കഴിഞ്ഞ മാർച്ചിനും മെയ് മാസത്തിനുമിടയിൽ ആഗോള എണ്ണശേഖരത്തിൽ 36 കോടി ബാരലിന്റെ കുറവുണ്ടായതായി ഐ.ഇ.എ വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ കടൽ മാർഗ്ഗമുള്ള എണ്ണക്കടത്ത് വർദ്ധിച്ചതിനെ തുടർന്ന് വിപണിയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും, രാജ്യങ്ങൾ ഇപ്പോഴും തങ്ങളുടെ തന്ത്രപ്രധാന ശേഖരത്തിൽ നിന്നുള്ള എണ്ണ വലിയ തോതിൽ ഉപയോഗിക്കുന്നത് തുടരുകയാണ്.

അതേസമയം കഴിഞ്ഞ ആഴ്ചകളിൽ കുറഞ്ഞിരുന്ന എണ്ണവില ഈ മാസം വീണ്ടും കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര എണ്ണവിലയുടെ പ്രധാന സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 13 ഡോളറോളം വർദ്ധിച്ച് ഏകദേശം 85 ഡോളറിലെത്തി. അമേരിക്കൻ സൂചികയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില ബാരലിന് 10 ഡോളറിലധികം വർദ്ധിച്ച് ഏകദേശം 80 ഡോളറിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്. ഇത് വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

More Stories from this section

family-dental
witywide