മസ്‌കും എൻവിഡിയ മേധാവിയും സംസാരിച്ചത് അരമണിക്കൂർ അധികം; ദേഷ്യം പിടിച്ച ജെ.ഡി. വാൻസ് അസഭ്യവാക്ക് ഉപയോഗിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് സംഘം

വാഷിങ്ടൺ: ഇലോൺ മസ്‌കും എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും നിശ്ചയിച്ചതിലും അരമണിക്കൂറോളം അധികം സംസാരിച്ചതിനെത്തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ക്ഷുഭിതനായെന്നും ജീവനക്കാരോട് അസഭ്യവാക്ക് ഉപയോഗിച്ചെന്നും റിപ്പോർട്ട്. എന്നാൽ സംഭവം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വാൻസിന്റെ ഓഫീസ് പ്രതികരിച്ചു.

ഡെയിലി മെയിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. America.gov പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനച്ചടങ്ങിൽ മസ്‌കും ഹുവാങ്ങും പുതിയ എഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സംസാരിക്കുമ്പോൾ വാൻസ് വേദിക്കു പിന്നിൽ കാത്തിരിക്കുകയായിരുന്നു. സംഭാഷണം നിശ്ചയിച്ച സമയത്തേക്കാൾ 30 മിനിറ്റ് നീണ്ടതോടെ വാൻസ് ആശയവിനിമയ സംഘത്തോട് രോഷത്തോടെ സംസാരിക്കുകയും ഇരുവരെയും വേദിയിൽനിന്ന് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്. നാല് ഉറവിടങ്ങളെ ഉദ്ധരിച്ച്, ജീവനക്കാരെ ശകാരിക്കുന്നതിനിടെ വാൻസ് ‘എഫ്’ വാക്ക് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വാൻസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വില്യം മാർട്ടിൻ ആരോപണം നിഷേധിച്ചു. താൻ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും വാൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അസഭ്യം പറഞ്ഞെന്ന വാർത്ത പൂർണമായും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ പരിപാടികൾ വൈകുന്നത് സാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന സിലിക്കൺ വാലിയിൽ വാൻസിന്റെ എച്ച്-1ബി വിസ വിരുദ്ധ നിലപാട് വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. എച്ച്-1ബി വിസ പദ്ധതി അവസാനിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് സാങ്കേതിക മേഖലയിലെ പ്രമുഖരുമായുള്ള ബന്ധത്തെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം, 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വാൻസ് വ്യക്തമായ സൂചന നൽകിയിട്ടില്ല. സിബിഎസ് ന്യൂസിന്റെ ടൗൺഹാളിൽ സംസാരിക്കവെ, നാല് ചെറിയ കുട്ടികളുള്ളതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭാര്യ ഉഷ വാൻസിന് രാഷ്ട്രീയത്തേക്കാൾ പൊതുസേവനത്തോടാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഏറെ നല്ല കാര്യങ്ങൾ ചെയ്യാനാകുമെന്നും പരമാവധി നല്ല കാര്യങ്ങൾ ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.

JD Vance lost his temper as Elon Musk, Jensen Huang extended their Al chat, reportedly used ‘F’ word; his team says never happened, complete fabrication

More Stories from this section

family-dental
witywide