ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ പ്രതിനിധിയും അംബാസഡറും

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമേനിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കീം ഇലാഹിയും, ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലിയും ഇന്ത്യൻ ജനതയ്ക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേർന്നു.

ആഗ്രയിലെ പ്രശസ്തമായ ‘ഷഹീദ്-ഇ-സാലിസ്’ ദർഗയിൽ നടന്ന നാല് ദിവസത്തെ സന്ദർശനത്തിനിടെയാണ് ഡോ. ഇലാഹി ഉത്സവ ആശംസകൾ പങ്കുവെച്ചത്. ദീപാവലി പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ ഭാരതീയനും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും, ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമായി അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശത്തുനിന്നുള്ള ഒരു വിശിഷ്ട അതിഥി ഇന്ത്യയുടെ ആഘോഷങ്ങളിൽ പങ്കുചേർന്നത് തങ്ങൾക്ക് വലിയ അഭിമാനമാണെന്ന് ആഗ്ര മജ്ലിസ് കോർഡിനേറ്റർ മിർസ ഷഫീഖ് ഹസൻ ഷഫാഖ് വ്യക്തമാക്കി.

അതേസമയം, ഇന്ത്യയിലെ ഇറാൻ അംബാസഡറായ മുഹമ്മദ് ഫതാലി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലൂടെ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകൾ അറിയിച്ചത്. “നമസ്കാരം” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച സന്ദേശത്തിൽ, ഇരുളിന്മേൽ വെളിച്ചത്തിന്റെയും അജ്ഞതയ്ക്ക് മേൽ അറിവിന്റെയും വിജയമാണ് ദീപാവലി എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-ഇറാൻ സാംസ്കാരിക, ചരിത്ര ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദീപാവലി എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ രീതിയിലാണ് ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടക്കുന്നത്. നിരവധി വിദേശ രാജ്യങ്ങൾ ഇന്ത്യക്ക് ആശംസകൾ നേർന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികളിലും വിപുലമായ ദീപാവലി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Iran’s Supreme Leader’s representative and the Ambassador extend Diwali greetings to the people of India.

More Stories from this section

family-dental
witywide