മുഖ്യമന്ത്രിയാര് ? ഇന്നും അന്തിമ തീരുമാനമായില്ല; പ്രഖ്യാപനം പിന്നീട്

ദില്ലി: ഇന്ന് മണിക്കൂറുകളോളം നീണ്ട കേരള മുഖ്യമന്ത്രി ആരാകണമെന്ന ദില്ലിയിൽ നടന്ന ചർച്ച അന്തിമ തീരുമാനമാകാതെ അവസാനിച്ചു. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നും യോ​ഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും യോഗത്തിന് ശേഷം ദീപദാസ് മുൻഷി പ്രതികരിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്നും ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണമെന്നും ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്ന് കെസി വേണു​ഗോപാലും ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫും പറഞ്ഞു.

അതേസമയം, ദില്ലിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളുടെ യോ​ഗം നടന്നത്. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Who will be the Congress Chief Minister of Kerala? No final decision yet; announcement later

More Stories from this section

family-dental
witywide