
ഷിക്കാഗോ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വരുംദിവസങ്ങളിൽ അമേരിക്കയിലെ കൊളംബിയ, ഷിക്കാഗോ സർവ്വകലാശാലകളിൽ നടക്കുന്ന പ്രത്യേക സംവാദങ്ങളിൽ പങ്കെടുക്കും. നാളെ (നവംബർ 17) കൊളംബിയ സർവ്വകലാശാലയിലും, മറ്റന്നാൾ (നവംബർ 18) ഷിക്കാഗോ സർവ്വകലാശാലയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദയാണ് ഇക്കാര്യം അറിയിച്ചത്.
നാളെ കൊളംബിയ സർവ്വകലാശാലയിൽ നടക്കുന്ന സംവാദത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ആഗോള വളർച്ച, ജനാധിപത്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം, വിദ്യാഭ്യാസം, തൊഴിൽ, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എന്നിവ രാഹുൽ ചർച്ച ചെയ്യും. തുടർന്ന് നവംബർ 18-ന് ഷിക്കാഗോ സർവ്വകലാശാലയിൽ പ്രശസ്ത ഭൗമരാഷ്ട്രീയ വിദഗ്ധൻ പ്രൊഫസർ റോബർട്ട് പേപ്പുമായി അദ്ദേഹം സംവദിക്കും. മിഡിൽ ഈസ്റ്റ്, ഇറാൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയ വിഷയങ്ങളായിരിക്കും ഇവിടെ പ്രധാനമായും ചർച്ചയാവുക.
വിദേശ സന്ദർശന വേളകളിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു എന്ന ബിജെപിയുടെ വിമർശനങ്ങളെ സാം പിത്രോദ തള്ളിക്കളഞ്ഞു. “വിവരങ്ങൾക്ക് അതിരുകളില്ലാത്ത ഈ ആഗോളയുഗത്തിൽ പ്രാദേശിക വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിലും ചർച്ച ചെയ്യപ്പെടും. വിദേശത്ത് ഏതാനും വാക്കുകൾ സംസാരിച്ചതുകൊണ്ട് 150 കോടി ജനങ്ങളുള്ള ഇന്ത്യയെ അപമാനിക്കാൻ കഴിയില്ല. ഇന്ത്യയിലും വിദേശത്തും ഒരേ വസ്തുതകൾ തന്നെയാണ് പറയേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയാണെന്നും, ഒരു ആഗോള നേതാവെന്ന നിലയിൽ രാഹുൽ ലോകവുമായി സംവദിക്കുന്നത് അനിവാര്യമാണെന്നും പിത്രോദ കൂട്ടിച്ചേർത്തു.
Rahul Gandhi returns to American universities; the first discussion takes place tomorrow at Columbia















