
കോഴിക്കോട്: കെ.ടി.ഡി.സി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. തന്നെ കൂടാതെ മറ്റ് രണ്ട് പേരെക്കൂടി ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും വടക്കൻ കേരളത്തിൽ യു.ഡി.എഫിനുണ്ടായ മുന്നേറ്റങ്ങളിൽ പി.വി. അൻവറിന്റെ സാന്നിധ്യം നിർണ്ണായകമായിട്ടുണ്ടെന്ന വിലയിരുത്തൽ മുന്നണിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ യു.ഡി.എഫിലെ അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിനെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ആറ് മാസം പിന്നിട്ടിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിഷയത്തിൽ ആർ.എസ്.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പരസ്യ വിമർശനവുമായി രംഗത്തെത്തുകയും ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാന പദവി ആവശ്യപ്പെട്ടുള്ള അൻവറിന്റെ നീക്കം.
P.V. Anvar Writes to CM V.D. Satheesan Seeking KTDC Chairman Post; Likely to Be Considered as Associate Member












