അമേരിക്കയിലെ ജന്മാവകാശ പൗരത്വം: യുഎസ് സുപ്രീം കോടതി ഉത്തരവ് ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുമെന്ന് സൂചന

അമേരിക്കയിൽ ജനിക്കുന്ന മിക്ക കുട്ടികൾക്കും സ്വമേധയാ പൗരത്വം ലഭിക്കുന്ന 150 വർഷം പഴക്കമുള്ള ജന്മാവകാശ പൗരത്വ (Birthright Citizenship) നയം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം തള്ളി അമേരിക്കൻ സുപ്രീംകോടതി. ഇതോടെ അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഭൂരിഭാഗം കുട്ടികൾക്കും അമേരിക്കൻ പൗരത്വം ലഭിക്കുമെന്ന നിലവിലെ സംവിധാനം തുടരും. 2025-ൽ രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒന്നായിരുന്നു ഇത്. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും താൽക്കാലിക വിസയിൽ കഴിയുന്ന വിദേശ പൗരന്മാരുടെയും അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുകയായിരുന്നു ഉത്തരവിന്റെ ലക്ഷ്യം. എന്നാൽ 6-3 ഭൂരിപക്ഷത്തിൽ സുപ്രീംകോടതി ഈ ഉത്തരവ് തള്ളിക്കളഞ്ഞു.

ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് വിധിയിൽ വ്യക്തമാക്കിയത്, അമേരിക്കൻ പൗരത്വം എല്ലായ്പ്പോഴും പ്രധാനമായും ജന്മസ്ഥലത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാതാപിതാക്കളുടെ കുടിയേറ്റ പദവിയോ താമസാവകാശമോ അതിന് നിർണായകമല്ലെന്നുമാണ്. പൗരത്വം എന്നത് അവകാശങ്ങൾ അനുഭവിക്കാനുള്ള അവകാശമാണ്. പതിനാലാം ഭരണഘടനാ ഭേദഗതി ഈ രാജ്യത്ത് ജനിക്കുന്ന എല്ലാ സ്വതന്ത്ര വ്യക്തികൾക്കും ആ ഉറപ്പ് നൽകിയിട്ടുണ്ട്. ആ വാഗ്ദാനമാണ് ഇന്ന് ഞങ്ങൾ പാലിക്കുന്നത്. ഇന്നത്തെ വിധിയിലൂടെ പുതിയ നിയമം സൃഷ്ടിക്കുന്നില്ല. നിലവിലുള്ള ഭരണഘടനാ തത്വം തന്നെ ശരിവയ്ക്കുകയാണെന്നും റോബർട്സ് പറഞ്ഞു.

അതേസമയം, ഈ വിധിയെ ഇന്ത്യൻ-അമേരിക്കൻ സംഘടനകളും ജനപ്രതിനിധികളും സ്വാഗതം ചെയ്തു. അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഇതെന്ന് അവർ അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ആരാണ് യഥാർത്ഥത്തിൽ ഉൾപ്പെടുന്നത് എന്നതിന്റെ ശക്തമായ ഭരണഘടനാപരമായ സ്ഥിരീകരണമാണ് ഈ വിധി. ദീർഘകാല വിസാ കാത്തിരിപ്പും അനിശ്ചിതമായ കുടിയേറ്റ നടപടികളും നേരിടുന്ന ഇന്ത്യൻ, ദക്ഷിണേഷ്യൻ കുടുംബങ്ങളെയാണ് ട്രംപിന്റെ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കാനിരുന്നതാണെന്നും ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ചിന്തൻ പട്ടേൽ പ്രതികരിച്ചു.

ഇന്ത്യൻ-അമേരിക്കൻ സമൂഹനേതാവ് അജയ് ജെയിൻ ഭൂട്ടോറിയ ഈ വിധിയെ “ചരിത്രപരമായ വിജയം” എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയിൽ ജീവിതം കെട്ടിപ്പടുത്ത കുടിയേറ്റ കുടുംബങ്ങളുടെ ജന്മാവകാശ പൗരത്വത്തെ ഈ വിധി സംരക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ സംഭാവനകളിലൂടെ ശക്തിപ്പെട്ട രാജ്യമാണ് അമേരിക്ക എന്ന ചരിത്രത്തെ ഇത് ആദരിക്കുന്നു ന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജരായ അമേരിക്കൻ നിയമനിർമാതാക്കളായ രാജാ കൃഷ്ണമൂർത്തി, പ്രമിള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം എന്നിവരും വിധിയെ സ്വാഗതം ചെയ്തു. കുടിയേറ്റക്കാരുടെ കുട്ടികളിൽ നിന്ന് പൗരത്വം കവർന്നെടുക്കാനുള്ള ഭരണഘടനാവിരുദ്ധമായ ശ്രമമായിരുന്നു ട്രംപിന്റെ ഉത്തരവെന്ന് അവർ പ്രതികരിച്ചു.

അമേരിക്കയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരുടെ ആശങ്കകൾക്ക് ഈ വിധി വിരാമമിട്ടിരിക്കുകയാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം, അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാരിൽ 51 ശതമാനവും ഇതിനകം അമേരിക്കൻ പൗരത്വം നേടിയവരാണ്. 2023-ലെ അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഏകദേശം 52 ലക്ഷം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ താമസിക്കുന്നത്. ഇന്ത്യൻ കുടിയേറ്റക്കാരിൽ 60 ശതമാനവും 10 വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്നവരാണ്. ഈ വിധിയോടെ, H-1B പോലുള്ള താൽക്കാലിക തൊഴിൽ വിസകളിലോ ടൂറിസ്റ്റ് വിസകളിലോ അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അവിടെ ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കും. 2024-ൽ അനുവദിച്ച H-1B വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നു.

അതേസമയം, ജനന ടൂറിസം (Birth Tourism) തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് അറിയിച്ചു. പ്രസവത്തിനായി മാത്രം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും, വിസ അപേക്ഷയിൽ യഥാർത്ഥ യാത്രാ ലക്ഷ്യം മറച്ചുവയ്ക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. ജനന ടൂറിസം എന്നത്, ഒരു സ്ത്രീ പ്രസവത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും അവിടെ ജനിക്കുന്ന കുഞ്ഞിന് സ്വമേധയാ അമേരിക്കൻ പൗരത്വം ലഭിക്കുകയും ചെയ്യുന്ന രീതിയെയാണ് സൂചിപ്പിക്കുന്നത്.

Why Indians will benefit the most by US Supreme Court’s order on birthright citizenship

More Stories from this section

family-dental
witywide