‘ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ തിരിച്ചടിക്കും’; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമണം നടത്തിയാൽ ലോകത്തിന്റെ ഏതു ഭാഗത്തുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച സമയത്തേക്കാൾ ഇറാൻ സൈന്യം ഇപ്പോൾ ശക്തമാണെന്നും ആക്രമണമുണ്ടായാൽ ഉടൻ തിരിച്ചടി നൽകുമെന്നും സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ പറഞ്ഞു.

ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഉത്തരവനുസരിച്ചായിരിക്കും സൈന്യം നടപടിയെടുക്കുകയെന്നും മേഖലയ്ക്ക് പുറത്തുള്ള അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രയേലുമായും നേരിട്ടുള്ള ഏറ്റുമുട്ടലിൽനിന്ന് ലഭിച്ച അനുഭവസമ്പത്ത് ഇറാൻ സൈന്യത്തിന്റെ കരുത്തും ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്റെ ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയുള്ളൂവെന്നും അക്രാമിനിയ വ്യക്തമാക്കി.അതിനിടെ, ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക സജ്ജമാണെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ കാര്യത്തിൽ തുടർനടപടികൾ വേണ്ടിവന്നാൽ അതിന് പൂർണ സജ്ജമാണെന്നായിരുന്നു വെള്ളിയാഴ്ച അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഇറാനെ വീണ്ടും ആക്രമിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. സാധ്യമെങ്കിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗം കൂടി തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ചിലപ്പോൾ അതിന് നിർബന്ധിതനായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ യുദ്ധവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായതെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വിലയിരുത്തലിനോട് ട്രംപ് ഭാഗികമായി യോജിച്ചിരുന്നു. എന്നാൽ യുദ്ധത്തെ ന്യായീകരിച്ച അദ്ദേഹം, സമാന സാഹചര്യം വീണ്ടും ഉണ്ടായാൽ ഇതേ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിനുപിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെ പരിമിതമായ ആക്രമണം നടത്തിയതായും ട്രംപ് വെളിപ്പെടുത്തി. ഇറാൻ നിർമിച്ച വ്യോമപ്രതിരോധ സംവിധാനം അഞ്ചോ പതിനഞ്ചോ മിനിറ്റിനുള്ളിൽ തകർത്തുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

എണ്ണക്കടത്തിന് നിർണായകമായ ഖേശം ദ്വീപിലെ സൂസ മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം നഷ്ടമായശേഷമുള്ള ആദ്യ ആക്രമണങ്ങളാണിവ. അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ പുതിയ വെടിനിർത്തൽ ധാരണയിലെത്താനുള്ള നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്. വെടിനിർത്തൽ കരാറിനും ആണവ ചർച്ചകൾ പുനരാരംഭിക്കാനുമുള്ള പരോക്ഷ ചർച്ചകളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ രണ്ടാഴ്ചയായി നേരിട്ട് ഇടപെടുന്നുണ്ടെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇറാൻ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

‘Will attack without geographic limits’: Iran’s fresh warning to US after Trump’s threats

More Stories from this section

family-dental
witywide