മിഡ്‌ടേം തിരഞ്ഞെടുപ്പിലെ തിരിച്ചടി: കാബിനറ്റിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ട്രംപ്, കൂടുതൽ പേരുടെ കസേര തെറിക്കും!

വാഷിംഗ്ടൺ: മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ മുന്നേറ്റത്തിന് പിന്നാലെ, തന്റെ ഭരണകൂടത്തിന്റെ കാബിനറ്റിൽ വൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ മാറ്റിയതിന് പിന്നാലെ കൂടുതൽ പ്രമുഖർക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ പരിപാടിക്ക് വേണ്ടി പ്രശസ്ത മാധ്യമപ്രവർത്തകൻ റോസ് ദൗതത്തിന് നൽകിയ അഭിമുഖത്തിലാണ് ഭരണതലപ്പത്തെ മാറ്റങ്ങളെക്കുറിച്ച് ട്രംപ് മനസ്സ് തുറന്നത്. കാബിനറ്റിൽ നിന്ന് ആളുകളെ പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “തീർച്ചയായും ഉണ്ട്” എന്ന് ട്രംപ് മറുപടി നൽകി. നിലവിലെ കാബിനറ്റ് അംഗങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് ചില മാറ്റങ്ങൾ അനിവാര്യമാണെന്നും എന്നാൽ മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ കുടിയേറ്റ നയങ്ങളുടെ മുഖ്യ സൂത്രധാരനും ട്രംപിന്റെ തീവ്ര വിശ്വസ്തനുമായ സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം പുറത്തുവന്നത്. മുൻപ് ട്രംപിന്റെ സീനിയർ അഡൈ്വസറായി പ്രവർത്തിച്ചിട്ടുള്ള മില്ലർ, സൂസി വൈൽസിന് പകരക്കാരനായാണ് ഈ പദവിയിലെത്തുന്നത്. മില്ലറെ മികച്ച പോരാളിയെന്നും ഭരണകൂടത്തിന്റെ ‘എംവിപി’ എന്നും ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ വൈൽസിന്റെ പദവി മാറ്റം തിരഞ്ഞെടുപ്പ് പരാജയം മൂലമല്ലെന്നും, സ്വാഭാവികമായ മാറ്റം മാത്രമാണെന്നുമാണ് ട്രംപിന്റെ വിശദീകരണം.

മിഡ്‌ടേം തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ വീഴ്ചകളാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതിനിടയിലും, അദ്ദേഹത്തിന് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹെഗ്സെത്തിൽ തനിക്ക് ഇപ്പോഴും പൂർണ്ണ വിശ്വാസമുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം രണ്ട് യുദ്ധങ്ങൾ ജയിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന ഞായറാഴ്ചയാണ് ട്രംപിന്റെ ഈ പൂർണ്ണ അഭിമുഖം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നത്.

Setback in midterm elections: Trump prepares for a major cabinet shake-up

More Stories from this section

family-dental
witywide