ഉഭയകക്ഷി കൂടിക്കാഴ്ച: പുടിന് തിരുക്കുറലിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് തമിഴ് കവി-ദാർശനികനായ തിരുവള്ളുവരുടെ പുരാതന തമിഴ് കൃതിയായ തിരുക്കുറലിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ലാസിക്കൽ തമിഴ് കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് 2026ൽ പ്രസിദ്ധീകരിച്ച പതിപ്പാണ് മോദി പുടിന് സമ്മാനിച്ചത്. നൈറ മക്ർത്ച്യാനാണ് ഇത് റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുക്കുറൾ പരിഭാഷാ പരമ്പരയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“മഹാനായ തിരുവള്ളുവരുടെ ശാശ്വത ജ്ഞാനം ഭാഷകളുടെയും അതിർത്തികളുടെയും അതിർവരമ്പുകൾ മറികടന്ന് എത്തിക്കുന്ന തിരുക്കുറലിന്റെ റഷ്യൻ പരിഭാഷ പ്രസിഡന്റ് പുടിന് സമ്മാനിച്ചു,” എന് മോദി എക്സിൽ കുറിച്ചു.

ക്ലാസിക്കൽ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് തിരുക്കുറൾ. ധാർമികത, ഭരണനയം, സൗഹൃദം, നീതി, വ്യക്തിജീവിതത്തിലെ പെരുമാറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. നിരവധി ഭാഷകളിലേക്ക് തിരുക്കുറൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ബ്രിക്സ് ഉച്ചകോടിക്ക് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ച ഭാരത് മണ്ഡപത്തിലാണ് മോദിയും പുടിനും ഉഭയകക്ഷി ചർച്ച നടത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പുടിൻ വെള്ളിയാഴ്ച രാവിലെയാണ് ന്യൂഡൽഹിയിലെത്തിയത്.

പ്രതിരോധം, ഊർജം, വ്യാപാരം, സിവിൽ ആണവോർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റഷ്യയും സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. പ്രതിരോധ സഹകരണം ചർച്ചയിലെ പ്രധാന വിഷയമായി തുടരുമെന്നാണ് പ്രതീക്ഷ. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിന്റെ നവീകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിതരണം പൂർത്തിയാക്കുന്നതിൽ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയ്ക്ക് എസ്‌യു-57 യുദ്ധവിമാനങ്ങൾ നൽകാനുള്ള സാധ്യതയും ചർച്ച ചെയ്തുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഊർജ, ആണവ സഹകരണവും ചർച്ചയിലെ പ്രധാന വിഷയങ്ങളാണ്. ഇന്ത്യയുടെ സിവിൽ ആണവ പദ്ധതിയിൽ റഷ്യയുടെ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാനാണ് മോസ്കോ ലക്ഷ്യമിടുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെയാണ് മോദിയും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.

സെപ്റ്റംബർ 12, 13 തീയതികളിലാണ് ന്യൂഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

Prime Minister Narendra Modi on Friday gifted Russian President Vladimir Putin a Russian translation of the Thirukkural, the ancient Tamil classic by poet-philosopher Thiruvalluvar, during their bilateral meeting in New Delhi ahead of the Brics Summit.

More Stories from this section

family-dental
witywide