
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) 26-ാമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനം ആരംഭിച്ചു. രണ്ട് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിനുള്ള ഔദ്യോഗിക പര്യടനത്തിൻ്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി ശനിയാഴ്ച ഉസ്ബെക്കിസ്ഥാനിൽ എത്തിച്ചേർന്നു. താഷ്കെൻ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉസ്ബെക്ക് പ്രസിഡൻ്റ് ഷൗക്കത്ത് മിർസിയോയേവ് പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചു.
നാലാം തവണയാണ് നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനായി പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് മിർസിയോയേവും തമ്മിൽ താഷ്കെൻ്റിൽ ഉഭയകക്ഷി-പ്രതിനിധിതല ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ കണക്റ്റിവിറ്റി, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം എന്നിവ ശക്തമാക്കുന്നതിലാകും ചർച്ചകൾ ഊന്നുക. ഭാവി സഹകരണത്തിനുള്ള പുതിയ അജണ്ടയും ഇരു നേതാക്കളും സംയുക്തമായി പ്രഖ്യാപിക്കും.
സന്ദർശന വേളയിൽ താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകത്തിലും മഹാത്മാഗാന്ധി കേന്ദ്രത്തിലും പ്രധാനമന്ത്രി ആദരവർപ്പിക്കും. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക സൌഹൃദം പുതുക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പുടിനും ഷി ജിൻപിംഗും എത്തിയേക്കും
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം കിർഗിസ് പ്രസിഡന്റ് സദിർ ജപറോവിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ബിഷ്കെക്കിലേക്ക് തിരിക്കും. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കുന്ന 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സംഘടനയുടെ 25-ാം വാർഷിക വേളയിൽ നടക്കുന്ന ഈ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാൻ, ബെലാറസ്, കൂടാതെ നാല് മധ്യേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 10 അംഗരാജ്യങ്ങളുടെ തലവന്മാരാണ് ഈ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഒന്നിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ആറാമത് വേൾഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
2017 മുതൽ എസ്‌സിഒയിൽ പൂർണ്ണ അംഗമായ ഇന്ത്യ, മേഖലയുടെ സുരക്ഷയ്ക്കും വികസനത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“സുരക്ഷ, കണക്റ്റിവിറ്റി, അവസരങ്ങൾ (Security, Connectivity and Opportunity) എന്നിവയിലൂന്നിയുള്ള കാഴ്ചപ്പാടാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. നമ്മുടെ അയൽപക്കത്തെയും ആഗോള സമാധാനത്തെയും ബാധിക്കുന്ന ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയിൽ നിന്ന് മുക്തമായ ഒരു മേഖലയ്ക്കായി മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ പ്രവർത്തിക്കും.”- മോദി എക്സിൽ കുറിച്ചു.
Landed in Tashkent to a warm welcome by President Shavkat Mirziyoyev. Grateful to him for the special gesture.
— Narendra Modi (@narendramodi) August 29, 2026
This is my fourth visit to Uzbekistan, reflecting the depth and growing momentum of our bilateral relations.
Toshkentga yetib keldim va Prezident Shavkat Mirziyoyev… pic.twitter.com/vAjST9OzuK
World leaders arrive in Bishkek; PM Modi’s Central Asia tour begins for SCO summit















