
ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നാടകീയ രംഗങ്ങൾ അരങ്ങേറിയതായി വെളിപ്പെടുത്തൽ. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ട്രംപ് ഇത് മറന്നുപോയെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ഇതോടെ ഇരുനേതാക്കളുടെയും സംയുക്ത പ്രതികരണം 45 മിനിറ്റ് നീണ്ട ഒരു സമ്പൂർണ്ണ വാർത്താസമ്മേളനമായി മാറുകയായിരുന്നു. ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കവെയാണ് സെർജിയോ ഗോർ ഈ അണിയറക്കഥകൾ പങ്കുവെച്ചത്.
ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തങ്ങളോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നതായി ഗോർ വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് പ്രവേശനം നൽകാമെങ്കിലും ചോദ്യോത്തരങ്ങൾ ഉൾപ്പെടുന്ന വാർത്താസമ്മേളനം പൂർണ്ണമായും ഒഴിവാക്കണമെന്നതായിരുന്നു ഇന്ത്യയുടെ ആവശ്യം. താൻ ഈ വിഷയം ട്രംപുമായി സംസാരിച്ചപ്പോൾ, “തീർച്ചയായും, ചോദ്യങ്ങൾ വേണ്ട, അതിലൊരു പ്രശ്നവുമില്ല” എന്ന് ട്രംപ് സമ്മതിച്ചിരുന്നതായും ഗോർ ഓർത്തെടുത്തു.
ചോദ്യം ചോദിച്ച് ട്രംപ്, പകച്ചുപോയി ഉദ്യോഗസ്ഥർ
തുടർന്ന് അമ്പതോളം ക്യാമറകളുടെ സാന്നിധ്യത്തിൽ ഇരു നേതാക്കളും കൂടിക്കാഴ്ച ആരംഭിക്കുകയും തങ്ങളുടെ പ്രാരംഭ പ്രസ്താവനകൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ അഭ്യർത്ഥന പൂർണ്ണമായി മറന്നുകൊണ്ട് ട്രംപ് ക്യാമറകൾക്ക് നേരെ തിരിഞ്ഞ് “എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?” എന്ന് മാധ്യമപ്രവർത്തകരോട് ചോദിക്കുകയായിരുന്നു. ഈ ഒരൊറ്റ ചോദ്യത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉഭയകക്ഷി വിഷയങ്ങളിൽ ചോദ്യ ശരങ്ങൾ എറിഞ്ഞു തുടങ്ങി. പ്രധാനമന്ത്രി മോദിയെ സാക്ഷി നിർത്തിക്കൊണ്ട്, എല്ലാ ആഗോള വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട 45 മിനിറ്റ് നീണ്ട മാരത്തൺ വാർത്താസമ്മേളനത്തിനാണ് പിന്നീട് ആ മുറി സാക്ഷ്യം വഹിച്ചത്.
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ ട്രംപിനെ ധരിപ്പിച്ചു. എന്നാൽ കപ്പൽ ജോലി ഒരു “കഠിനമായ തൊഴിൽ” ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ അപകടസാധ്യതകളെ അത്ര ഗൗരവത്തോടെയല്ല എടുത്തത്.
അതേസമയം, ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ ട്രംപ് ശക്തമായി പിന്തുണച്ചു. “ഈ മനുഷ്യനെ (മോദിയെ) ആരെങ്കിലും ആക്രമിച്ചാൽ യുഎസ് കൂടെയുണ്ടാകും; എന്നാൽ ഇന്ത്യയിൽ ഒരു പുതിയ നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്നും ഒരു വലിയ വ്യാപാര കരാറിലേക്ക് ഇരുരാജ്യങ്ങളും “വളരെ അടുത്തു” കഴിഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. അംബാസഡർ ഗോറിൻ്റെ വെളിപ്പെടുത്തലുകളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Trump forgot India’s condition in meeting with PM Modi: Sergio Gore













