
എവിയാൻ (ഫ്രാൻസ്): അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് ചർച്ചകളിലൂടെ പരിഹാരം കാണുന്നതിനും കിയവിന് കൂടുതൽ ആഗോള പിന്തുണ ഉറപ്പാക്കുന്നതിനുമായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ഈ വർഷത്തെ ജി7 ഉച്ചകോടിയിൽ യുക്രൈന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ മറ്റ് ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് ഫ്രാൻസിന്റെ ലക്ഷ്യം.
തങ്ങളുടെ ശ്രദ്ധ മുഴുവൻ ഇറാൻ യുദ്ധത്തിലേക്ക് തിരിഞ്ഞതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രൈൻ വിഷയത്തിൽ പുലർത്തുന്ന മൗനത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. വീണ്ടും അധികാരമേറ്റ ആദ്യ വർഷത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും സെലൻസ്കിക്കുമിടയിൽ ഒരു സമാധാന കരാറുണ്ടാക്കാൻ ട്രംപ് പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ, റഷ്യക്ക് മേൽ പുതിയ സമ്മർദ്ദം ചെലുത്താൻ ട്രംപ് തയ്യാറാകുമോ എന്ന് ജി7 നേതാക്കൾ ഉറ്റുനോക്കുകയാണ്.
അതേസമയം, യുക്രൈന്റെ ചരിത്രപ്രസിദ്ധമായ ‘കിയവ് പെചെർസ്ക് ലാവ്റ’ ആശ്രമ സമുച്ചയത്തിന് നേരെ റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് സെലൻസ്കിയുടെ ഈ നയതന്ത്ര യാത്ര. ആയിരം വർഷത്തോളം പഴക്കമുള്ള, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തെ കടുത്ത ഭാഷയിലാണ് സെലൻസ്കി അപലപിച്ചത്.
ക്രിസ്തീയ സംസ്കാരത്തിന് നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ ക്രൂരതയാണിതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നേരിട്ട ചരിത്രഭൂമി തിങ്കളാഴ്ച രാവിലെ നേരിട്ട് സന്ദർശിച്ച ശേഷമാണ് യുക്രൈൻ പ്രസിഡന്റ് ജി7 ഉച്ചകോടിക്ക് പുറപ്പെട്ടത്. ഉച്ചകോടിയിൽ ഡോണൾഡ് ട്രംപുമായും മറ്റ് യൂറോപ്യൻ ഭരണാധികാരികളുമായും നടത്തുന്ന കൂടിക്കാഴ്ചയിൽ, റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാൻ യുക്രൈന് കൂടുതൽ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കണമെന്ന് താൻ ശക്തമായി ആവശ്യപ്പെടുമെന്ന് സെലൻസ്കി വ്യക്തമാക്കി.















