ലിസ്ബൺ: പോർച്ചുഗലിൽ രാവിലെ ഉറക്കമെണീറ്റ നാട്ടുകാർ കൺമുന്നിലെ കാഴ്ച കണ്ട് വാ പൊളിച്ചു നിന്നു പോയി. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരുന്ന വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വരുന്ന വൈൻ നിരത്തിൽ കൂടി ഒഴുകിയതായിരുന്നു സംഭവം. പോർച്ചുഗലിലെ സാവോ ലോറെൻകോ ഡിബൈറോയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
പുഴകൾക്കും മറ്റു ജലാശയങ്ങൾക്കും പാരിസ്ഥിതക പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വൈൻ ഒഴുകിപ്പോകുന്ന ദിശ തിരിച്ചു വിട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വീടിന്റെ ബേസ്മെന്റിൽ വൈൻ കൊണ്ടുനിറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ടാങ്ക് പൊട്ടി വൈൻ നിരത്തിലൊഴുകിയതിന് പിന്നാലെ ക്ഷമാപണവുമായി ലെവിറാ ഡിസ്റ്റിലറി രംഗത്തെത്തി. എല്ലാ ഉത്തരവാദിത്വവും തങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും നിരത്തുകൾ വൃത്തിയാക്കുന്നതിന്റെ ചെലവുകൾ വഹിക്കുമെന്നും ഡിസ്റ്റിലറി അറിയിച്ചു.