
ന്യൂജേഴ്‌സി: യുഎസിലെ ന്യൂജേഴ്‌സിയിൽ നിക്ഷേപകരെ പറ്റിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ മുൻ സിഇഒയ്ക്ക് അഞ്ച് വർഷം തടവുശിക്ഷ. ന്യൂജേഴ്‌സി സ്വദേശിയായ പറംജിത് പാർമർ (55) എന്നയാൾക്കാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വർഷത്തെ ജയിൽവാസത്തിന് പുറമെ മൂന്ന് വർഷത്തെ കർശന നിരീക്ഷണവും 125 ദശലക്ഷം ഡോളർ (ഏകദേശം 1,000 കോടിയിലധികം രൂപ) പിഴയായും കോടതി ചുമത്തിയിട്ടുണ്ട്. ‘പോൾ പാർമർ’ എന്നും അറിയപ്പെടുന്ന ഇയാൾ കേസിൽ കുറ്റക്കാരനാണെന്ന് നേരത്തെ സമ്മതിച്ചിരുന്നു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന ഒരു ഹെൽത്ത് കെയർ കമ്പനിയെ സ്വകാര്യ കമ്പനിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നത്. 2015 മേയ് മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. സോതിരിയോസ് സഹാരിസ്, രവി ചിവുകുല എന്നിവരുമായി ചേർന്നാണ് പാർമർ ഈ കള്ളക്കളിക്ക് പിന്നിൽ പ്രവർത്തിച്ചത്. കമ്പനിയെ ഏറ്റെടുക്കുന്നതിനായി ഒരു പ്രമുഖ നിക്ഷേപ സ്ഥാപനം 82.5 ദശലക്ഷം ഡോളറും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മ 130 ദശലക്ഷം ഡോളറും ഉൾപ്പെടെ ആകെ 212.5 ദശലക്ഷം ഡോളർ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ യഥാർത്ഥ മൂല്യം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ അത് വലിയ ലാഭമുള്ള കമ്പനിയാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. മറ്റ് ഉപകമ്പനികൾ വാങ്ങാനെന്ന വ്യാജേനയാണ് ഇവർ വിപണിയിൽ നിന്ന് പണം സമാഹരിച്ചത്. എന്നാൽ ഈ കമ്പനികളിൽ പലതും നിലവിലില്ലാത്തവയോ അല്ലെങ്കിൽ വളരെ കുറഞ്ഞ വരുമാനമുള്ളവയോ ആയിരുന്നു. ഇത്തരത്തിൽ സമാഹരിച്ച തുക പ്രതികൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു.
തട്ടിപ്പ് പുറത്താകാതിരിക്കാൻ വ്യാജ ഉപഭോക്താക്കളെ സൃഷ്ടിക്കുകയും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളിൽ വ്യാപകമായി തിരുത്തലുകൾ വരുത്തുകയും ചെയ്തു. ഇവരുടെ വ്യാജ റിപ്പോർട്ടുകൾ കാരണം കമ്പനിയുടെ മൂല്യം 300 ദശലക്ഷം ഡോളറിലധികമാണെന്നാണ് നിക്ഷേപകർ കരുതിയിരുന്നത്. എന്നാൽ 2017 സെപ്റ്റംബറിൽ തട്ടിപ്പ് വെളിച്ചത്തായതോടെ പ്രതികൾക്ക് കമ്പനിയിലെ പദവികൾ ഒഴിയേണ്ടി വന്നു. തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018 മാർച്ചിൽ ഈ കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു.
New Jersey $212 million fraud: Former Indian-origin CEO gets 5 years in prison and huge fine















