ട്രംപിന് വീണ്ടും തിരിച്ചടി: മറ്റൊരു യു.എസ് സംസ്ഥാനംകൂടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ട്രംപിനെ തടഞ്ഞു

വാഷിംഗ്ടണ്‍ : 2024ൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ്‌ ട്രംപിനെ അയോഗ്യനാക്കി മെയ്ൻ. കൊളറാഡോ കോടതിയുടെ വിധിക്ക് പിന്നാലെയാണ് വടക്കുകിഴക്കൻ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനമായ മെയ്നിന്റെ നടപടി. 2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണത്തിലെ പങ്ക് ചൂണ്ടിക്കാട്ടി മെയ്നിലെ മുഖ്യ തിരഞ്ഞെടുപ്പ് മേധാവിയാണ് ട്രംപിന് അയോഗ്യത കല്പിച്ചത്. ഇതോടെ റിപ്പബ്ലിക്കൻ നേതാവിനെ വിലക്കുന്ന രണ്ടാമത്തെ അമേരിക്കൻ സംസ്ഥാനമായി മെയ്ൻ മാറി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികളിലെ മുൻനിരക്കാരനായ ട്രംപ്, 2020ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് മേധാവിയുമായ ഷെന്ന ബെല്ലോസ് പറഞ്ഞു. “നമ്മുടെ സർക്കാരിന്റെ അടിത്തറയ്‌ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന അനുവദിക്കില്ല” 34 പേജുള്ള വിധിയിൽ ഷെന്ന ബെല്ലോസ് കുറിച്ചു. അതേസമയം ‘ക്രൂര’ നടപടിക്കെതിരെ ഉടൻ എതിർപ്പ് രേഖപ്പെടുത്തുമെന്ന് ട്രംപിന്റെ പ്രചാരണ ക്യാമ്പ് പ്രതികരിച്ചു.

ഔദ്യോഗിക പദവി വഹിക്കുന്നവർ കലാപത്തിൽ ഏർപ്പെട്ടാൽ അവരെ അയോഗ്യനാക്കണമെന്ന അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനമുണ്ടായത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യത സംബന്ധിച്ച്‌ തീർപ്പിലെത്താൻ അമേരിക്കൻ സുപ്രീംകോടതിയെ സമ്മർദ്ദത്തിലാക്കുന്നതാണ് തുടർച്ചയായുള്ള സംസ്ഥാനങ്ങളുടെ നടപടികൾ. അതുകൊണ്ടുതന്നെ നിലവിലെ ഉത്തരവ് മെയ്നിൽ മാത്രമാണ് ബാധകമാകുന്നതെങ്കിലും ട്രംപിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. 2020ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ മൂന്നു കേസുകളിൽ മുൻ പ്രസിഡന്റിനെതിരെ കുറ്റപത്രം നിലനിൽക്കുന്നുണ്ട്.

More Stories from this section

family-dental
witywide