
ന്യൂയോർക്ക്: മാൻഹട്ടനിലെ ആകാശചുംബിയായ മുൻ ഫൈസർ ആസ്ഥാന മന്ദിരത്തിന്റെ പില്ലറുകൾ വൻ ഭാരത്തെ തുടർന്ന് വളയുകയും തകർച്ചാ ഭീഷണി ഉയർത്തുകയും ചെയ്ത സംഭവത്തിൽ ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഈ ആഴ്ച ആദ്യമുണ്ടായ അപകടത്തെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ ജീവനുംകൊണ്ട് ഓടുകയും, അധികൃതർ മുൻകരുതലായി സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിരുന്നു.
ഓഫീസ് കെട്ടിടത്തെ ഏകദേശം 1,600 അപ്പാർട്ട്‌മെന്റുകളാക്കി മാറ്റുന്ന വലിയൊരു നവീകരണ പദ്ധതിയാണ് ഇവിടെ നടക്കുന്നത്. കെട്ടിടത്തിന്റെ മുകളിലെ 15 നിലകളിലായി 18,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അധിക നിർമ്മാണം നടത്തുന്നതിനിടെയാണ് രണ്ട് പ്രധാന പില്ലറുകൾ താങ്ങാനാവാത്ത ഭാരം കാരണം വളഞ്ഞതെന്ന് ഡെവലപ്പർ കമ്പനിയായ ‘മെട്രോലോഫ്റ്റ്’ സ്ഥാപകൻ നാഥൻ ബെർമാൻ വ്യക്തമാക്കി. ഇതിനെത്തുടർന്ന് ചില നിലകൾ 4 ഇഞ്ചോളം താഴേക്ക് താഴ്ന്നുപോയിരുന്നു. തൂണുകൾക്ക് ആവശ്യത്തിന് ബലപ്പെടുത്തൽ നൽകാത്തതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കെട്ടിടം അടിയന്തിര ജാക്കുകളും പുതിയ സ്റ്റീൽ തൂണുകളും ഉപയോഗിച്ച് താൽക്കാലികമായി സുരക്ഷിതമാക്കിയിട്ടുണ്ട്.
ഈസ്റ്റ് 42-ാം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം പൂർണ്ണമായി തകരാൻ സാധ്യതയില്ലെന്ന് ഡെവലപ്പർ അവകാശപ്പെടുന്നുണ്ടെങ്കിലും, നഗരസഭാ അധികൃതർ ഇതിനെ ‘അപകടകരമായ അസ്ഥിരാവസ്ഥ’ എന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന് കെട്ടിടത്തിന് ചുറ്റും ഔദ്യോഗികമായി ‘കൊളാപ്സ് സോൺ’ (തകർച്ചാ മേഖല) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചകളോ നിർമ്മാണത്തിലെ അപാകതകളോ ഉണ്ടോ എന്ന് കണ്ടെത്താനാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് മെട്രോലോഫ്റ്റ് കമ്പനിയുടെ പ്രതികരണം മാധ്യമങ്ങൾ തേടിയിട്ടുണ്ട്.















