രഹസ്യവിവരങ്ങൾ ചോർന്നതിൽ ട്രംപ് ഭരണകൂടത്തിന്റെ കടുംവെട്ട്; ഖത്തറിന്റെ പ്രിയ സമ്മാനത്തിന് സുരക്ഷാ വീഴ്ചയെന്ന് വാ‌‌ർത്ത, മാധ്യമപ്രവർത്തകർക്ക് സമൻസ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’ന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വാർത്ത നൽകിയ പ്രമുഖ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസി’ലെ നാല് മുതിർന്ന മാധ്യമപ്രവർത്തകർക്ക് യു.എസ് നീതിന്യായ വകുപ്പിന്റെ സമൻസ്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്ന ഈ അസാധാരണ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.

ജൂലിയൻ ഇ. ബാൺസ്, എറിക് ലിപ്റ്റൺ, ടൈലർ പേജർ, എറിക് ഷ്മിറ്റ് എന്നീ റിപ്പോർട്ടർമാർക്കാണ് അടുത്ത ബുധനാഴ്ച മാൻഹട്ടനിലെ ഫെഡറൽ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ ഹാജരായി മൊഴി നൽകാൻ സമൻസ് അയച്ചിരിക്കുന്നത്. ഫെഡറൽ ഏജന്റുകൾ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നേരിട്ടെത്തിയാണ് സമൻസ് കൈമാറിയത്. ഖത്തർ സമ്മാനമായി നൽകിയ പുതിയ എയർഫോഴ്സ് വൺ വിമാനത്തിന്റെ സുരക്ഷാ ആശങ്കകളെക്കുറിച്ച് കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്ക് ടൈംസ് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിമാനത്തിന്റെ സുരക്ഷയിൽ സീക്രട്ട് സർവീസ് അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടർന്ന്, ഈ ആഴ്ച തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങവേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ വിമാനം ഒഴിവാക്കി പഴയ എയർഫോഴ്സ് വണ്ണിലാണ് യാത്ര ചെയ്തതെന്നായിരുന്നു വാർത്ത. ഈ അതീവ രഹസ്യവിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ആഭ്യന്തര ഉറവിടം ആരാണെന്ന് കണ്ടെത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കം. പുതിയ വിമാനത്തിന്റെ സുരക്ഷാ വിവരങ്ങൾ ചോർന്നതിനെക്കുറിച്ചുള്ള എഫ്.ബി.ഐയുടെ അന്വേഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടിയുമായി നീതിന്യായ വകുപ്പ് രംഗത്തെത്തിയത്. പൊതുതാൽപ്പര്യമുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിന് മേലുള്ള കടുത്ത ഭീഷണിയാണ് ഈ കോടതി ഉത്തരവെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും ന്യൂയോർക്ക് ടൈംസ് മാനേജ്‌മെന്റ് വ്യക്തമാക്കി.

More Stories from this section

family-dental
witywide