വെസ്റ്റ് ബാങ്കിൽ അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ അക്രമണം; നാല് പേർ അറസ്റ്റിൽ, കടുത്ത പ്രതിഷേധം ഉയരുന്നു

റാമല്ല: ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ക്രൂരമായ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നാല് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പോലീസ് അറിയിച്ചു. ശനിയാഴ്ച റാമല്ലയ്ക്ക് വടക്കുള്ള സിൻജിൽ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ വർഷം ജൂലൈയിൽ ജൂത കുടിയേറ്റക്കാരുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പലസ്തീൻ-അമേരിക്കൻ പൗരൻ സൈഫ് മുസല്ലത്തിന്റെ ഒന്നാം ചരമവാർഷികം റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്.

മുസല്ലം കൊല്ലപ്പെട്ട സ്ഥലത്ത് എത്തി മിനിറ്റുകൾക്കകം ഒരു കൂട്ടം തീവ്ര ജൂത കുടിയേറ്റക്കാർ മാധ്യമപ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ട് മാധ്യമസംഘം വാഹനങ്ങളിൽ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാലംഗ കുടിയേറ്റ സംഘം തങ്ങളുടെ കാർ കുറുകെയിട്ട് മാധ്യമപ്രവർത്തകരുടെ വഴി തടഞ്ഞു. മരത്തടികളും ഇരുമ്പ് വടികളും കല്ലുകളുമായാണ് അക്രമികൾ എത്തിയത്. ഇതിനിടയിൽ ഒരു കുടിയേറ്റക്കാരൻ കത്തി വീശി സിഎൻഎൻ വാഹനത്തിന്റെ ടയറുകൾ കുത്തിക്കീറാൻ ശ്രമിച്ചു.

തുടർന്ന് അക്രമികൾ മറ്റ് മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന തൊട്ടുപിന്നിലെ വാഹനത്തിന് മുകളിലേക്ക് ചാടിവീഴുകയും അതിന്റെ വിൻഡ്ഷീൽഡ് അടിച്ചുതകർക്കുകയും ചെയ്തു. മറ്റൊരു സംഘം കുടിയേറ്റക്കാർ മാധ്യമപ്രവർത്തകരുടെ മറ്റ് എക്സിറ്റ് റൂട്ടുകളും തടയാൻ ശ്രമിച്ചതോടെ, ജീവന ഭയന്ന മാധ്യമപ്രവർത്തകർ സിൻജിൽ നഗരത്തിലേക്ക് വാഹനം ഓടിച്ചുപോവുകയായിരുന്നു. അക്രമികൾ ഇവരെ കാറുകളിൽ പിന്തുടരുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്ക് പുറമെ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നേരെയും കുടിയേറ്റക്കാരുടെ അക്രമം വർദ്ധിക്കുന്നതിന്റെ തെളിവാണ് ഈ സംഭവം.

More Stories from this section

family-dental
witywide