ഗാസയിൽ മരണം 12415, കാണാതായവർ 4000

ഗാസ : ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തന്നെ തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലും വെസ്റ്റ്‌ ബാങ്കിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 12,415 ആയതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 18 വരെ ഗാസയിൽമാത്രം 12,200 പേരാണ്‌ മരിച്ചത്‌. അതിൽ 5000 കുട്ടികളും 3250 സ്‌ത്രീകളും 690 വയോധികരുമുണ്ട്‌. 2000 കുട്ടികൾ ഉൾപ്പെടെ 4000ൽപ്പരം പേരെ കാണാതായി. മാസം തികയാതെ പ്രസവിച്ച നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 51 രോഗികൾ അൽ -ഷിഫ ആശുപത്രിയിൽ കൊല്ലപ്പെട്ടു.

ഗാസയിലുടനീളം ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. ബുറൈജ്, നുസൈറത്ത് അഭയാർഥി ക്യാമ്പുകളിലേക്കുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ മാധ്യമ പ്രവർത്തകരുമുണ്ട്‌.  ഷെയ്ഖ് റദ്‌വാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ സഫതാവി പരിസരത്തും  തെക്ക് ഖാൻ യൂനിസിലും വീടുകളിലേക്ക്‌ ഇസ്രയേൽ ബോംബിട്ടു.

അതിനിടെ, പലസ്തീൻ പൗരരോട് അഭയം തേടാൻ ഇസ്രയേൽ പറഞ്ഞിരുന്ന തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന്‌ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാനും പകരം യുദ്ധത്തിന്‌ അഞ്ച്‌ ദിവസം ഇടവേള നൽകാമെന്നും ഇസ്രയേൽ, അമേരിക്ക, ഹമാസ് എന്നിവർ താൽക്കാലിക കരാറിൽ എത്തിയതായ വാഷിങ്‌ടൺ പോസ്റ്റ്‌ റിപ്പോർട്ട്‌ വൈറ്റ്‌ ഹൗസ്‌ നിഷേധിച്ചു.

അൽ ഷിഫ ആശുപത്രിയിലെ 31 നവജാതശിശുക്കളെ ഒഴിപ്പിച്ചു

ഗാസയിൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിൽ ഇൻക്യുബേറ്ററിലായിരുന്ന 31 നവജാതശിശുക്കളെ ഒഴിപ്പിച്ചു. ഇവരെ തെക്കൻ ഗാസയിലേക്ക്‌ മാറ്റിയതായി റെഡ്‌ ക്രസന്റ്‌  അറിയിച്ചു. കുഞ്ഞുങ്ങളെ അൽനാസർ, യൂറോപ്യൻ ആശുപത്രിയിലേക്ക്‌ എത്തിച്ചതായാണ്‌ വിവരം. ലോകാരോഗ്യ സംഘടനയുടെയും യുഎന്നിന്റെയും നേതൃത്വത്തിൽ ആറ്‌ ആംബുലൻസുകളിലാണ്‌ ശിശുക്കളെ തെക്കൻ ഗാസയിൽ എത്തിച്ചത്‌. ഇവിടെനിന്ന്‌ റാഫ ഇടനാഴി വഴി ഈജിപ്‌തിലേക്ക്‌ കൊണ്ടുപോകും. അൽ നാസർ ആശുപത്രിയിലെ 12 ഇൻക്യുബേറ്ററുകളിൽ പകുതിയിലും കുട്ടികളുണ്ട്‌. അതിനാൽ, ബാക്കിയുള്ളതില്‍ മാത്രമേ അൽ ഷിഫയിൽനിന്നുള്ള കുട്ടികളെ ഉൾക്കൊള്ളാനാകൂ. 291 രോഗികൾ ഇനിയും ശേഷിക്കുന്ന അൽ ഷിഫ മരണ മേഖലയായി മാറിയെന്ന്‌ ലോകാരോഗ്യ സംഘടന പറഞ്ഞു. 

ഗാസയിലേക്ക്‌ 
32 ടൺ 
സഹായവുമായി ഇന്ത്യ

ന്യൂഡൽഹി > ഇസ്രയേൽ വംശഹത്യ തുടരുന്നതിനിടെ, ഗാസയിലേക്ക്‌ 32 ടൺ അവശ്യവസ്‌തുക്കളും മരുന്നും അയച്ച്‌ ഇന്ത്യ. വ്യോമസേനയുടെ ചരക്ക്‌ വിമാനം ഈജിപ്തിലെ എൽ––അരിഷ് വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ടതായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ അറിയിച്ചു. 
ഒക്‌ടോബർ 22-ന് ഇന്ത്യ 38 ടൺ സാധനങ്ങൾ ഗാസയിലേക്ക്‌ അയച്ചിരുന്നു.

death toll in Gaza crosses 12415

More Stories from this section

family-dental
witywide