
ന്യൂയോർക്ക്: അമേരിക്കയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും ഭാര്യ സി ലിയ ഫ്ലോറസിന്റെയും വിചാരണ അടുത്ത വർഷം ജൂൺ 1-ന് ആരംഭിക്കും. ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റീനാണ് തീയതി നിശ്ചയിച്ചത്.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകർ സെപ്റ്റംബർ ആദ്യവാരം ഹർജി നൽകും. തുടര്‍ന്ന് നവംബർ 17-ന് കേസിൽ വാദം കേൾക്കും. 63 കാരനായ മഡുറോയും 69 കാരിയായ ഭാര്യയും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വരെ ലഭിച്ചേക്കാം.
കഴിഞ്ഞ ജനുവരിയിൽ വെനസ്വേലൻ തലസ്ഥാനമായ കരാക്കസിലെ വസതിയിൽ അർദ്ധരാത്രിയിൽ യു.എസ് സൈന്യം നടത്തിയ റെയ്ഡിലാണ് മഡുറോയും ഭാര്യയും പിടിയിലാകുന്നത്. തുടർന്ന് ഇവരെ അമേരിക്കയിലേക്ക് കൊണ്ടു വരികയും നിലവിൽ ബ്രൂക്ക്ലിനിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയുമാണ്. തങ്ങളുടേത് “സൈനിക തട്ടിക്കൊണ്ടുപോകൽ” ആണെന്നും താൻ ഒരു “യുദ്ധത്തടവുകാരൻ” ആണെന്നുമാണ് മഡുറോ കോടതിയിൽ നിലപാടെടുത്തത്. എന്നാൽ, ആറ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നടപ്പിലാക്കിയ കൃത്യമായ നിയമപാലന നടപടിയാണിതെന്നാണ് യു.എസ് ഭരണകൂടത്തിന്റെ വാദം.
മഡുറോ ഒരു ഭരണാധികാരി എന്ന നിലയിൽ പരമാധികാര ഭരണാധികാരിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹനാണെന്നും, അതിനാൽ വിചാരണ നടപടികൾ റദ്ദാക്കണമെന്നുമാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിക്കുന്നത്. ഈ വാദം അംഗീകരിക്കപ്പെടുകയാണെങ്കിൽ കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് അഭിഭാഷകനായ ബാരി പൊള്ളാക്ക് വ്യക്തമാക്കി.
വെനസ്വേലൻ സുരക്ഷാ സേനയുടെ സഹായത്തോടെ ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ അമേരിക്കയിലേക്ക് കടത്താൻ മഡുറോ ഗൂഢാലോചന നടത്തിയെന്നാണ് യു.എസ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. എന്നാൽ, “ഞാൻ പൂർണ്ണമായും നിരപരാധിയാണ്, എന്റെ രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രസിഡന്റാണ് ഞാൻ,” എന്നാണ് മഡുറോ ഇതേക്കുറിച്ച് പ്രതികരിച്ചത്. കേസിൽ ഇതുവരെ ഇരുവർക്കും വേണ്ടി ജാമ്യാപേക്ഷ നൽകിയിട്ടില്ല. കേസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ നവംബറിൽ വാദം കേൾക്കലും തുടർന്ന് ജൂണിൽ വിചാരണയും ആരംഭിക്കും.
Maduro calls it ‘kidnapping’, US calls it ‘legal action’; Trial date set for drug case, trial in New York in June next year; Case could carry up to life imprisonment















