ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധൻ, ലഷ്‌കർ മുൻ കമാൻഡർ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിശദാംശങ്ങൾ അനുസരിച്ച്, അക്രം ഗാസി എന്ന പേരിൽ അറിയപ്പെടുന്ന അക്രം ഖാനെ, ബജൗർ ജില്ലയിൽ (ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ) അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊല്ലുകയാണുണ്ടായത്.

2018 മുതൽ 2020 വരെ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു.

ഭീകര സംഘടനയിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്ന ഇയാൾ ഏറെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

തീവ്രവാദ കാരണങ്ങളോട് അനുഭാവമുള്ള വ്യക്തികളെ തിരിച്ചറിയുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ഉത്തരവാദിത്തമുള്ള നിർണായക വിഭാഗമായ എൽഇടി റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു ഇയാൾ.

ഈ വർഷം ഒക്ടോബറിലാണ് പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചത്. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ നാല് ഭീകരരുടെ ഹാൻഡ്‌ലറായിരുന്നു ലത്തീഫ്.

ഈ സെപ്റ്റംബറിൽ ധാൻഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക്ക് അധീന കശ്മീരിലെ പള്ളിയിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിലാണ് അബു ഖാസിമിനെ കൊലപ്പെടുത്തിയത്.

Also Read