ട്രംപിന്റെ കാലാവധി തീരും വരെ യുഎസുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇറാൻ; വെളിപ്പെടുത്തലുമായി ഐആർജിസി മുതിർന്ന ഉപദേഷ്ടാവ്

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകാലാവധി കഴിയുന്നത് വരെ യുഎസുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇറാൻ സന്നദ്ധമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡറുടെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് റെസ നഖ്ദി. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകി ഭാവിയിൽ തങ്ങളെ ആക്രമിക്കാൻ തുനിയാത്ത വിധം പ്രതിരോധശേഷി കൈവരിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അമേരിക്കൻ മാധ്യമമായ പിബിഎസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ കാലാവധി കഴിയുന്നത് വരെ യുദ്ധം നീട്ടിക്കൊണ്ടുപോയി അമേരിക്കയെ രാഷ്ട്രീയമായും സാമ്പത്തികമായും വീർപ്പുമുട്ടിക്കുകയാണ് ഒരു മാർഗ്ഗമെന്ന് നഖ്ദി പറഞ്ഞു. അങ്ങനെ ചെയ്താൽ ഇറാനെ ആക്രമിക്കാൻ മുതിരുന്ന ഏതൊരാൾക്കും അതിന്റെ വലിയ വില നൽകേണ്ടി വരുമെന്ന് ലോകത്തിന് ബോധ്യമാകും. നിലവിലെ യുദ്ധത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും അന്തിമ വിജയം ഇറാനൊപ്പം ആയിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻപ് 2019 മുതൽ 2025 വരെ ഐആർജിസിയുടെ കോഓർഡിനേറ്റിംഗ് ഡെപ്യൂട്ടിയായി സേവനമനുഷ്ഠിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് നഖ്ദി.

വ്യക്തമായ തന്ത്രങ്ങളില്ലാതെയാണ് വാഷിംഗ്ടൺ ഈ യുദ്ധം നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും പറഞ്ഞ് യുഎസ് തങ്ങളുടെ ലക്ഷ്യങ്ങൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിലൂടെ അമേരിക്കയ്‌ക്കെതിരെ എങ്ങനെ പോരാടണമെന്ന് ഇറാൻ പഠിച്ചുകഴിഞ്ഞു. ഈ പോരാട്ടത്തിലൂടെ തങ്ങൾ കരുതിയത്ര ശക്തരല്ല യുഎസ് സൈന്യമെന്ന് തിരിച്ചറിയാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ശത്രുക്കൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നവയാകാം എന്ന സംശയമാണ് ആക്രമണങ്ങൾക്ക് കാരണം. പ്രതിദിനം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ മിസൈലുകൾ ഇറാൻ ഇപ്പോൾ നിർമ്മിക്കുന്നുണ്ടെന്നും, മിസൈലുകൾ തീരുന്ന ദിവസം അമേരിക്കയ്ക്ക് അതിനേക്കാൾ വലിയ അപകടകരമായ സാഹചര്യമായിരിക്കും നേരിടേണ്ടി വരികയെന്നും നഖ്ദി മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള അമേരിക്കയുടെ സാമ്പത്തിക താല്പര്യങ്ങളെ വളരെ എളുപ്പത്തിൽ തകർത്തുകളയാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

More Stories from this section

family-dental
witywide