ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് തള്ളാതെ ട്രംപ്; തിരഞ്ഞെടുപ്പിനെ നേരിടാൻ വമ്പൻ നീക്കം? ആശങ്കയോടെ അമേരിക്ക

വാഷിംഗ്ടൺ: 2026ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ കൂടുതൽ നിയന്ത്രണം നേടിയെടുക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം തള്ളിക്കളയാതെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒരു പുതിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരമൊരു സൂചന നൽകിയത്. 2020ൽ വോട്ടെടുപ്പിന് ശേഷം വ്യാജ വോട്ട് ആരോപണങ്ങൾ ഉന്നയിച്ചും തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തും യുഎസ് ക്യാപിറ്റോളിൽ അക്രമത്തിന് വഴിവെച്ച ട്രംപ്, ഇത്തവണ വോട്ടെടുപ്പിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചേക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കം നൽകുന്നത്.

റീയൽ അമേരിക്കാസ് വോയ്‌സ് ചാനലിൽ വെയിൻ അല്ലിൻ റൂട്ടുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ട്രംപ് ഏറെ ആഗ്രഹിച്ച ‘സേവ് അമേരിക്ക ആക്ട്’ എന്ന തിരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ സെനറ്റിൽ പാസാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പകരം ചെയ്യാവുന്ന ഒരു വഴി എന്ന നിലയിലാണ് റൂട്ട് ഈ ആശയം മുന്നോട്ടുവെച്ചത്. ബിൽ പാസാക്കാനായില്ലെങ്കിൽ തിരഞ്ഞെടുപ്പുകൾക്കായി ദേശീയ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അവകാശമുണ്ടെന്ന് റൂട്ട് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോൺഗ്രസിലെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ അത് റദ്ദാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസത്തിനുള്ളിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തിയാൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പൗരത്വ തെളിവ്, മെയിൽ അധിഷ്ഠിത വോട്ടിംഗിനുള്ള നിയന്ത്രണം എന്നിവ നടപ്പിലാക്കാൻ സാധിക്കുമെന്നും റൂട്ട് വാദിച്ചു. റൂട്ട് സംസാരിച്ചു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇടപെട്ട ട്രംപ്, ഇത്തരമൊരു നീക്കം നടക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ മറുപടി നൽകുകയായിരുന്നു. ഇതിലും വിചിത്രമായ കാര്യങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാൽ റൂട്ട് ഉന്നയിച്ച വാദങ്ങൾ പ്രായോഗികമായി നടപ്പിലാകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

More Stories from this section

family-dental
witywide