ഇറാനെ തകർക്കാൻ ഞങ്ങൾക്കൊപ്പം നിൽക്കണം; അമേരിക്കയോട് ഇസ്രയേൽ മുൻ പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രയേൽ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തില്‍ ഇറാന്‍ നേതാവിന്റെ കൊലപാതകത്തിലും ഇറാനിലെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇസ്രയേലാണെന്ന് നെഫ്താലി ബെന്നറ്റ് സമ്മതിക്കുന്നുണ്ട്.

ഇറാനുമായി പ്രത്യക്ഷമായ യുദ്ധത്തിന് ആഹ്വാനം ചെയ്യാതെ ഇറാനെ തകര്‍ക്കുന്നതിന് യുഎസ് ഇസ്രയേലിന് സഹായം നല്‍കണമെന്നാണ് ലേഖനത്തില്‍ ബെന്നറ്റ് ആവശ്യപ്പെടുന്നത്. ഇറാനെ ദുഷ്ട സാമ്രാജ്യം എന്നാണ് ബെന്നറ്റ് വിശേഷിപ്പിച്ചത്. മേഖലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്ന, സ്വതന്ത്രവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് ഇസ്രയേല്‍ എന്നും എന്നാല്‍ മധ്യപൂര്‍വേഷ്യയിലെ മിക്ക പ്രശ്‌നങ്ങളുടെയും കേന്ദ്രം ഇറാന്‍ ആണെന്നും ലേഖനത്തില്‍ ബെന്നറ്റ് കുറ്റപ്പെടുത്തുന്നു.

“ഇറാനെ ദുര്‍ബലപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആഭ്യന്തര തലത്തില്‍ പ്രതിപക്ഷത്തെ ശാക്തീകരിക്കുക, ഭരണകൂടത്തിനെതിരായ കലാപങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക, ശത്രുക്കളെ ശക്തിപ്പെടുത്തുക, ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും വര്‍ധിപ്പിക്കുക, എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ എല്ലാം ഉറപ്പാക്കാന്‍ ഇസ്രയേലിന് അമേരിക്കയെ ആവശ്യമാണ്,” ബെന്നറ്റ് ലേഖനത്തില്‍ പറയുന്നു.

ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യുഎസിന്റെ സഹായം ആവശ്യപ്പെടുന്നതിന് പുറമെ ഇസ്രയേല്‍ ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൂടി ബെന്നറ്റ് ലേഖത്തില്‍ ഏറ്റെടുക്കുന്നുണ്ട്. 2022-ല്‍ രണ്ട് തവണയായി ഇറാനെ ആക്രമിക്കാന്‍ താന്‍ ഇസ്രയേലിന്റെ സുരക്ഷാ സേനയോട് നിര്‍ദ്ദേശിച്ചതായി ബെന്നറ്റ് വെളിപ്പെടുത്തി.