യെമനിലെ ജയിലിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം നിരവധി തടവുകാർ കൊല്ലപ്പെട്ടതായി ഹൂതികൾ

സനാ: യെമനിലെ അൽ-ജൗഫ് പ്രവിശ്യയുടെ തലസ്ഥാനമായ അൽ-ഹസ്മിലെ ജയിലിനു നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി ഹൂതി സൈന്യം ആരോപിച്ചു. ആക്രമണത്തിൽ തടവുകാരും സന്ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സരീ വെളിപ്പെടുത്തി.

തങ്ങൾ രാജ്യത്തിനെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളുടെയും അധിനിവേശത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ സൗദി ശ്രമിക്കുകയാണെന്ന് യഹ്‌യ സരീ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും അതിൽ നിന്നുള്ള പ്രത്യാഘാതങ്ങളിൽ നിന്ന് സൗദിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, ഈ ആരോപണങ്ങളോട് സൗദി അറേബ്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
യമനിലെ വിവിധ പ്രദേശങ്ങളിൽ സൗദി അറേബ്യ മുപ്പതിലധികം വ്യോമാക്രമണങ്ങൾ നടത്തിയതായും ഹൂതികൾ ആരോപിക്കുന്നുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേൽക്കുകയും രാജ്യത്തെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വരികയും ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഹൂതികൾ വമ്പൻ സൈനിക മുന്നേറ്റം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമായത്.

More Stories from this section

family-dental
witywide