
സോൾ: സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലേക്ക് സൈനികരെ വിന്യസിക്കരുതെന്ന് സ്വന്തം സർക്കാരിനോട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയയിൽ ശക്തമായ ജനകീയ പ്രതിഷേധം. സോളിനെ യുഎസ് എംബസി കോമ്പൗണ്ടിന് എതിർവശത്ത് തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ, “ഒരു അധിനിവേശ യുദ്ധത്തിൽ പങ്കാളികളാകരുത്” എന്നെഴുതിയ പ്ലക്കാർഡുകൾ ഏന്തിയാണ് സർക്കാരിന്റെ സൈനിക നീക്കത്തിനെതിരെ ശബ്ദമുയർത്തിയത്.
കടലിടുക്കിന്റെ സുരക്ഷയ്ക്കായി സൈനിക പങ്കാളിത്തം നൽകുന്നതിനെക്കുറിച്ച് രാജ്യത്തിന്റെ ഉന്നത നേതൃത്വം ചർച്ചകൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ബഹുജന പ്രക്ഷോഭം. സോളിലെ സെജോങ് സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്സിന് പുറത്തുള്ള പടവുകളിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ നമ്മുടെ യുവാക്കളെ മരണക്കടലിലേക്ക് തള്ളിവിടരുതെന്ന് ആക്രോശിച്ചു. ഹോർമുസിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ തങ്ങൾ ഒരു അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും എന്നാൽ സൈനിക വിന്യാസത്തെക്കുറിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രക്ഷോഭം അരങ്ങേറിയത്.
സ്വന്തം സൈനിക സജ്ജീകരണങ്ങളെ ബാധിക്കാത്ത രീതിയിൽ കടലിടുക്കിൽ യുഎസിന്റെ സുരക്ഷാ ശ്രമങ്ങൾക്ക് ആവശ്യമായ “സംഭാവനകൾ” നൽകുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയയുടെ ഏതൊരു സൈനിക വിന്യാസവും അധിനിവേശത്തിന് ഉത്തരവാദികളായ വിഭാഗത്തിനുള്ള നേരിട്ടുള്ള പിന്തുണയായി കണക്കാക്കുമെന്നും ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















