കണ്ണേ മടങ്ങുക… കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ വാർത്താസമ്മേളനം നടത്തി ഗാസ ആശുപത്രിയിലെ ഡോക്ടർമാർ

ഗാസ: ആശുപത്രിക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ഞൂറോളം മൃതദേഹങ്ങൾക്കു നടുവിൽ നിന്നുകൊണ്ട് വാർത്താസമ്മേളനം നടത്തി ഗാസയിലെ അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ.

“ഞങ്ങൾ ബാപ്‌റ്റിസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിനിടെ ശക്തമായ സ്‌ഫോടനം ഉണ്ടാകുകയും ഓപ്പറേഷൻ തിയറ്ററിന് മുകളിലെ സീലിംഗ് വീഴുകയും ചെയ്‌തു… ഇതൊരു കൂട്ടക്കൊലയാണ്,” ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സുമായി ബന്ധപ്പെട്ട ഡോക്ടർ ഗസ്സൻ അബു സിത്ത പറഞ്ഞു.

വാർത്താ സമ്മേളനത്തിന്റേതായി പ്രചരിക്കുന്ന ഒരു ഫോട്ടോയിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ നിൽക്കുന്നതായി കാണാം. ആരോഗ്യപ്രവർത്തകരിൽ ഒരാളുടെ കൈയിൽ ഒരു കുഞ്ഞിന്റെ മൃതദേഹവും മറ്റൊരാളുടെ കൈയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹവുമുണ്ട്.

കുട്ടികളും സ്ത്രീകളുമടക്കം ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ ഗാസയിലെ ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന ആശുപത്രിയില്‍ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ അന്ത്യശാസനം ഭയന്ന് ഗാസ വിട്ട് നിരവധി പേര്‍ ഈ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ആശുപത്രിയും സ്കൂളുകളും ആക്രമിക്കരുത് എന്ന യുദ്ധ നിയമം ഇസ്രയേല്‍ ലംഘിച്ചുവെന്നതില്‍ ലോകരാജ്യങ്ങള്‍ക്ക് വലിയ അതൃപ്തിയാണ് ഉള്ളത്.

അതിന് പിന്നാലെ ആശുപത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇസ്രയേലിന്റെ വിശദീകരണം പുറത്തു വന്നു. പസ്തീനിലെ ഇസ്ളാമിക് ജിഹാദ് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു.