
ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണ് ഉദയ്പൂര്‍ കൊലപാതകമെന്ന് പ്രദാനമന്ത്രി നരേന്ദ്ര മോദി. ഉദയ്പൂരില്‍ നടന്ന സംഭവം ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. വസ്ത്രം തുന്നാനെന്ന വ്യാജേന ആളുകള്‍ വന്ന് തയ്യല്‍ക്കാരുടെ കഴുത്തറുക്കുന്നു. ഈ കേസില്‍പ്പോലും കോണ്‍ഗ്രസ് വോട്ട് ബാങ്ക് കണ്ടു. കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഉദയ്പൂര്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തില്‍ പാര്‍ട്ടി എന്താണ് ചെയ്തത്? അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചുവെന്നും മോദി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനില്‍, കോണ്‍ഗ്രസിനെതിരെ ഉദയ്പൂര്‍ കൊലപാതകം ആയുധമാക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘തലവെട്ടുന്ന സംഭവങ്ങള്‍ നടക്കുന്ന ഒരു പരിതസ്ഥിതിയില്‍ എങ്ങനെയാണ് നിക്ഷേപം നടക്കുക? ഇതൊരു സാധാരണ കുറ്റകൃത്യമല്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണിത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളോട് വാത്സല്യം കാണിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കുറ്റവാളികളെ സ്വതന്ത്രരാക്കുകയാണ്. അപ്പോള്‍ കുറ്റവാളികള്‍ നിയമത്തെ ഭയക്കുന്നതെങ്ങനെയെന്നും രാജസ്ഥാനില്‍ നന്ന റാലിയില്‍ പ്രധാനമന്ത്രി ചോദിച്ചു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 28നാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കടക്കാരനെ രണ്ടുപേര്‍ കഴുത്തു വെട്ടി കൊലപ്പെടുത്തിയത്. പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. സംഭവം അന്വേഷിച്ച എന്‍ഐഎ, 11 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.














