അയോധ്യ കൊള്ള: പ്രിയങ്കയോടും കെജ്രിവാളോടും തെളിവ് ചോദിക്കണമെന്ന് വിഎച്ച്പി, ട്രസ്റ്റിന്റെ നിർണായക യോഗം നാളെ; ചമ്പത് റായിക്കെതിരെ ‘രാമചരിതമാനസ്’ ആരോപണം

അന്താരാഷ്ട്ര തലത്തിൽ വരെ വലിയ ചർച്ചയായ അയോധ്യയിലെ സംഭാവന തട്ടിപ്പിൽ വിചിത്ര ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവ് ശേഖരിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. അയോധ്യയിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവരിൽ നിന്ന് തെളിവ് തേടണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അയോധ്യ ഡിഎസ്പിക്ക് കത്ത് നൽകി. അതേസമയം അയോധ്യ തട്ടിപ്പിലെ ആർഎസ്എസ് പ്രസ്താവന അപമാനകരമാണെന്നും വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

വിവാദം കനക്കുന്നതിനിടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അയോധ്യയിലെ മണിറാം ദാസ് ആശ്രമത്തിൽ ചേരും. സംഭാവന തട്ടിപ്പിൽ സംശയമുനയിൽ നിൽക്കുന്ന ട്രസ്റ്റ് വിഷയത്തിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതിൽ ആകാംക്ഷ സജീവമാണ്. തട്ടിപ്പ് ആരോപണങ്ങളിൽ പ്രധാനമായും ഉത്തരം പറയേണ്ട ജനറൽ സെക്രട്ടറി ചമ്പത് റായി നാളത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി നാളത്തെ യോഗം അംഗീകരിച്ചേക്കും. എന്നാൽ ഇവർക്ക് പകരം പദവികളിലേക്ക് ആര് വരുമെന്നോ, പുതുതായി കൊണ്ടുവരുന്ന സിഇഒ പോസ്റ്റിലേക്ക് ആരെ നിയമിക്കുമെന്നോ വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്തിമ റിപ്പോർട്ട് വരും വരെ നടപടികൾ വൈകിപ്പിക്കാനും സാധ്യതയുണ്ട്.

അതിനിടെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ കൂടുതൽ പ്രതിരോധത്തിലാക്കി മുൻ ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായണന്റെ പുതിയ മൊഴി പുറത്തുവന്നു. 2024 ഏപ്രിലിൽ അയോധ്യ ക്ഷേത്രത്തിൽ 151 കിലോ തൂക്കം വരുന്ന സ്വർണത്തിൽ തീർത്ത രാമചരിതമാനസ് ഗ്രന്ഥം വഴിപാടായി നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഗ്രന്ഥം നേരിട്ട് കൈപ്പറ്റിയ ചമ്പത് റായി ഇതിന് രസീത് പോലും നൽകിയിരുന്നില്ലെന്ന് ലക്ഷ്മി നാരായണൻ എസ്ഐടിയോട് വെളിപ്പെടുത്തി. ക്ഷേത്രം തുറന്ന ഒന്നാം ദിവസം മുതൽ കൊള്ള തുടങ്ങിയതാണെന്ന് മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗും ആരോപിച്ചു. രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയുടെ വസതിക്കും നൽകുന്നതിന് തുല്യമായ സുരക്ഷ രാമക്ഷേത്രത്തിനും സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Ayodhya donation scam: VHP demands police to seek proof from Priyanka and Kejriwal; Trust to hold crucial meeting tomorrow as fresh allegations hit Champat Rai

More Stories from this section

family-dental
witywide