
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ കടുത്ത കയ്യാങ്കളിയും പ്രതിഷേധവും. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് കൗൺസിൽ ഹാൾ യുദ്ധക്കളമായി മാറിയത്. വിവാദങ്ങൾക്കും കനത്ത മുദ്രാവാക്യം വിളികൾക്കുമിടെ അജണ്ടകൾ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞെങ്കിലും തൊട്ടുപിന്നാലെ കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
യോഗത്തിന് ശേഷം ഹാജർ രജിസ്റ്റർ കൈക്കലാക്കാൻ ഇരുവിഭാഗവും ശ്രമിച്ചതോടെയാണ് കയ്യാങ്കളി രൂക്ഷമായത്. പിടിവലിക്കിടെ ഹാജർ രജിസ്റ്റർ കീറാനും ശ്രമം നടന്നു. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതൻ തുടർച്ചയായി രണ്ട് യോഗങ്ങളിൽ ഹാജരാകാത്ത സാഹചര്യമാണുള്ളത്. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. സുഗതൻ ഒപ്പിടുന്നത് തടയാൻ വേണ്ടിയാണ് യുഡിഎഫ് ഹാജർ ബുക്ക് പിടിച്ചുവാങ്ങിയതെന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി കൗൺസിലറുമായ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ചെമ്പഴന്തി ഉദയൻ കൗൺസിലിലെ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നും മിനിറ്റ്സ് ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നുമാണ് യുഡിഎഫ് ഉയർത്തുന്ന പരാതി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കോർപ്പറേഷൻ ഓഫീസും പരിസരവും നിലവിൽ വൻ പൊലീസ് സന്നാഹത്തിന്റെ നിയന്ത്രണത്തിലാണ്.
High Drama at Thiruvananthapuram Corporation: BJP and UDF Councillors Clash Over Attendance Register















