
ഹൈദരാബാദ്: പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും. നിസാമാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. ആര്‍ക്കും കാര്യമായ പരുക്കുകളില്ല. പ്രചാരണ പരിപാടിക്കിടെ, ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെയാണ് പിന്നിലുണ്ടായിരുന്നവര്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണത്.
തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തിരക്കിട്ട് നടത്തിയ തിരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് സംഭവം. വാഹനത്തിന്റെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു കെ ടി രാമ റാവു. വീഴാതിരിക്കാനായി ചുറ്റും കമ്പി കൊണ്ട് കെട്ടിയുണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട രാമറാവുവും കൂടെയുണ്ടായിരുന്നവരും ഈ കമ്പികള്‍ക്ക് മുകളിലേക്ക് വീഴുകയും അത് തകര്‍ന്നു പോവുകയുമായിരുന്നു.
വാഹനത്തിന്റെ മുകളില്‍ നിന്ന് എല്ലാവരും താഴേക്ക് വീണെങ്കിലും ഒരാള്‍ മാത്രമാണ് റോഡിലേക്ക് വീണത്. ബിആര്‍എസ് നേതാവും രാജ്യസഭ എംപിയുമായ സുരേഷ് റെഡ്ഡിയാണ് റോഡിലേക്ക് വീണത്. മറ്റുള്ളവര്‍ വാഹനത്തിന്റെ ബോണറ്റിനു മേലേക്കാണ് വീണത്. വീഴ്ചയില്‍ ആര്‍ക്കും കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. പ്രചരണ വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ മുന്നിലെ വണ്ടി സ്ലോ ആയതോടെയാണ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചത്.














