സി ജെ പി പാർലമെന്റ് മാർച്ചിനെതിരായ പെല്ലറ്റ് ഗൺ പ്രയോഗത്തിലടക്കം സേനയ്ക്ക് ഗുരുതര വീഴ്ചയെന്ന് ആർഎഎഫ്, പെല്ലറ്റ് ഗൺ ഉപയോഗത്തിന് നിയന്ത്രണം

ദില്ലിയിൽ സി ജെ പി നടത്തിയ പാർലമെന്റ് മാർച്ചിലെ പ്രതിഷേധക്കാരെ നേരിട്ടതിൽ ദ്രുത കർമ്മ സേനയ്ക്ക് (ആർഎഎഫ്) ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആഭ്യന്തര അവലോകനത്തിൽ കണ്ടെത്തൽ. വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്ന് സേന വിലയിരുത്തി. മാർച്ചിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പെല്ലറ്റ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറിൽ ചില സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധം നിയന്ത്രിക്കാനായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ചുമതലകളും കൃത്യമായി നൽകുന്നതിൽ ഉന്നതതലത്തിൽ പരാജയപ്പെട്ടു. മാത്രമല്ല, സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സമരക്കാരെ നേരിട്ടതെന്നും സിആർപിഎഫ് പരിശോധിച്ച ദൃശ്യങ്ങളിൽ വ്യക്തമായി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആന്റി റയറ്റ് ഗൺ എന്നിവ പ്രയോഗിക്കരുതെന്ന് ആർഎഎഫ് ഇൻസ്പെക്ടർ ജനറൽ യോഗത്തിൽ കർശന നിർദ്ദേശം നൽകി.

ദ്രുത കർമ്മ സേനയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദവും പ്രൊഫഷണലുമായ വിലയിരുത്തൽ നടത്തുമെന്ന് സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി. അതേസമയം, സമരത്തിനിടെ പരിക്കേറ്റ് ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സേനയുടെ വീഴ്ചകൾ പരിഹരിച്ച് ഭാവിയിലെ പ്രതിഷേധങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് അധികൃതരുടെ തീരുമാനം.

RAF Internal Review Finds Serious Lapses in Handling CJP March, Imposes Restrictions on Pellet Guns

More Stories from this section

family-dental
witywide