
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പില്‍ സ്ഥിരപ്പെടുത്തിയ താത്കാലിക നിയമനക്കാര്‍ക്ക് തിരിച്ചടി. പതിമൂന്ന് ജീവനക്കാരെ പിരിച്ചു വിട്ടു. 2022 നവംബര്‍ 17 ന്റെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി. ആദ്യം താല്‍ക്കാലിക നിയമനത്തില്‍ ജോലിയില്‍ കയറിയതിനു ശേഷം പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെടുത്തിയ പതിമൂന്ന് പേരെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്. സിഡിറ്റില്‍ അടക്കം സ്ഥിര നിയമനം ലഭിച്ചവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് പുതിയ ഉത്തരവ്.
2010ല്‍ ആറു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ഈ ആറുപേരെയും പിരിച്ചുവിട്ടു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്ഥിരനിയമനം നല്‍കിയ ഏഴു പേരെക്കൂടി പിരിച്ചുവിട്ടിരിക്കുകയാണ്. ആറ്റിങ്ങല്‍ എംഎല്‍എയുടെ സഹോദരന്‍, കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ പി എസ് പ്രശാന്തിന്റെ ഭാര്യ എന്നിവരും പിരിച്ചുവിടല്‍ പട്ടികയിലുണ്ട്. പിരിച്ചുവിട്ടവരില്‍ ഒരാള്‍ അടുത്തവര്‍ഷം വിരമിക്കാനിരിക്കുന്നയാളാണ്.
സെപ്റ്റംബര്‍ 29നാണ് കോടതി പിരിച്ചുവിടല്‍ ഉത്തരവ് ഇറക്കിയത്. നിലവില്‍ പതിനഞ്ചു വകുപ്പുകളിലാണ് ഇത്തരത്തില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്തുന്ന നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ താത്കാലിക നിയമനം നേടിയ നിരവധി പേരെ ഇത് പ്രതികൂലമായി ബാധിക്കും. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്ക്, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിയമനം നേടിയവരെയാണ് പിരിച്ചുവിട്ടത്.









