ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചന ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ 25 ജീവനക്കാർ. ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട എം.എസ്.സി ഏരീസ് കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.

“‘എംഎസ്‌സി ഏരീസ്’ എന്ന ചരക്ക് കപ്പലിൻ്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തതായി ഞങ്ങൾക്കറിയാം. 17 ഇന്ത്യൻ പൗരന്മാർ കപ്പലിൽ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, പെട്ടെന്നുള്ള മോചനം എന്നിവ ഉറപ്പാക്കാൻ ടെഹ്‌റാനിലും അകത്തും നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങൾ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്,” വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 17 ഇന്ത്യക്കാരിൽ 2 പേർ മലയാളികളാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്ക് മാറ്റി. കമാൻഡോകൾ ഹെലികോപ്ടറിലെത്തി കപ്പലിലെ ഡെക്കിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി പുറത്തുവിട്ടു. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് സോഡിയാക് മാരിടൈം. ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തീരുമാനിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രായേൽ അറിയിച്ചു.

More Stories from this section

family-dental
witywide