ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 27 പേർ മരിച്ചതായി പ്രധാനമന്ത്രി അനുടിൻ ചാർൺവിരകുൽ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് ബാങ്കോക്കിലെ ചതുചക് ജില്ലയിൽ പ്രവർത്തിക്കുന്ന റോങ് ബിയർ നാ ലാറ്റ് ഫ്രാവോ എന്ന ബാറിൽ തീപിടിത്തമുണ്ടായത്.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോൾ തീയും പുകയും നിറഞ്ഞ പ്രധാന കവാടത്തിലൂടെ ആളുകൾ ജീവൻ രക്ഷിക്കാൻ ഓടിപ്പുറത്തേക്ക് വരുന്നതാണ് കണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ബാറിൽ നിന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതും, ചിലർ തീയിൽപ്പെട്ട നിലയിൽ പുറത്തേക്ക് വരുന്നതും കാണാം.സംഭവസ്ഥലത്ത് നിന്ന് 27 മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ബാറിൽ സംഗീത പരിപാടി അവതരിപ്പിച്ചിരുന്ന കലാകാരനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.വൈദ്യുതി നിയന്ത്രണ സ്വിച്ചിന് സമീപമാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് കലാകാരൻ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. അതിന് പിന്നാലെ സ്ഫോടനസദൃശ ശബ്ദമുണ്ടായെന്നും പുകയും തീയും പടർന്നതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ചിലർ കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് ഓടി ശുചിമുറിയിൽ അഭയം തേടിയതിനെ തുടർന്ന് പുറത്തുകടക്കാനായില്ല. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് ശുചിമുറി ഭാഗത്തുനിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏകദേശം അരമണിക്കൂറിനുള്ളിൽ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന് ശേഷം ബാറിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണെന്നും മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീണതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.നിരവധി പേരെ ഇനിയും കാണാനില്ലെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി 11.30ഓടെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനായ ഒരു കാർ ഡ്രൈവറാണ് ആദ്യം വിവരം അഗ്നിശമന സേനയെ അറിയിച്ചത്. സ്വന്തം വാഹനം നിർത്തി ബാറിന്റെ ജനൽച്ചില്ലുകൾ തകർത്ത് രണ്ട് പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
At least 27 killed in Bangkok bar fire, Thai authorities say











