
യുദ്ധം മൂർച്ഛിച്ചുനിൽക്കുന്ന പശ്ചിമേഷ്യൻ സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചെന്ന ഇറാൻ്റെ പ്രഖ്യാപനം ലോകത്തെ അമ്പരപ്പിക്കുന്നു. രാജ്യത്തുണ്ടായ യുദ്ധവും സംഘർഷാവസ്ഥയും തങ്ങളുടെ ആയുധ നിർമ്മാണത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഇറാന്റെ ആക്റ്റിംഗ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വ്യോമസേനാ ശക്തിയും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ നിർമ്മാണത്തിൽ വലിയ മുന്നേറ്റം കൈവരിച്ചതെന്നും അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്ന ഘട്ടത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള നേതാക്കളുടെ ചോരയ്ക്ക് പകരത്തിന് പകരം ചോദിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കേണ്ട താഴെത്തട്ടിലുള്ളവർ മുതൽ ഉന്നതരായ നേതാക്കളുടെ വരെ പട്ടിക തയ്യാറായിക്കഴിഞ്ഞുവെന്നും ആഗോളതലത്തിൽ ഈ പ്രതികാര നടപടി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താനും സൈന്യവും ഭരണവും ഇല്ലാതെ വന്നാലും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ വഴി ഇത് നടപ്പിലാകുമെന്നാണ് കടുത്ത ആഹ്വാനം. എന്നാൽ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആയിരം മിസൈലുകൾ സജ്ജമാക്കി തിരിച്ചടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകി.
മറുവശത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പൊളിക്കാൻ അന്താരാഷ്ട്ര ശ്രമം നടന്നതായി ഇറാൻ പ്രസിഡന്റ് ആരോപിച്ചു. ഇതിനിടെ, മുജ്തബ ഖമേനിയുടെ ഫണ്ട് മാനേജരായ അലി അൻസാരി ഉൾപ്പെടെയുള്ളവർക്കും എക്സ്ചേഞ്ച് കമ്പനികൾക്കും അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി അടിയന്തര ചർച്ചകൾ ആരംഭിച്ചെങ്കിലും, ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ കടുത്ത നിലപാടുകളിൽ തുടരുന്നത് മേഖലയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
Iran Triples Drone Production Amid War; Supreme Leader Mojtaba Khamenei Vows Global Retaliation















