40 ഡിഗ്രിയും കടന്ന് താപനില : ഹജ്ജിനിടെ സൗദിയില്‍ 19 തീര്‍ഥാടകര്‍ മരിച്ചു

ന്യൂഡല്‍ഹി: കടുത്ത ചൂടിനിടെ സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ 19 പേര്‍ മരിച്ചതായി വിവരം. ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 19 തീര്‍ഥാടകരാണ് കടുത്തചൂട് വില്ലനായതോടെ മരണത്തിന് കീഴടങ്ങിയത്.

സൗദിയില്‍ താപനില കുതിച്ചുയരുന്നതിനിടെ ജോര്‍ദാന്‍ ഇറാനിയന്‍ ഭരണകൂടങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 14 ജോര്‍ദാനിയന്‍ തീര്‍ത്ഥാടകര്‍ മരിച്ചതായും 17 പേരെ കാണാതായതായും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയവും, മക്കയിലും മദീനയിലും ഇതുവരെ അഞ്ച് ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് മേധാവി പിര്‍ഹോസൈന്‍ കൂലിവാന്ദും അറിയിച്ചു.

ഈ വര്‍ഷം ഏകദേശം 1.8 ദശലക്ഷം വിശ്വാസികള്‍ പങ്കെടുക്കുന്ന ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് (104 ഡിഗ്രി ഫാരന്‍ഹീറ്റ്) കടന്നു. തീര്‍ത്ഥാടകരുടെ മരണത്തെക്കുറിച്ച് സൗദി അറേബ്യന്‍ ഭരണകൂടം ഇതുവരെ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചൂട് ലഘൂകരണ നടപടികള്‍ രാജ്യം നടപ്പാക്കിയിട്ടുണ്ട്.