
ടിറാന: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്‌നറുടെ ആഡംബര റിസോർട്ട് പദ്ധതിക്കെതിരെ അൽബേനിയയിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ടിറാനയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത വൻ പ്രതിഷേധ റാലി നടന്നു. അൽബേനിയയുടെ ചരിത്രത്തിൽ ഒരു വിദേശ നിക്ഷേപ പദ്ധതിക്കെതിരെ ഉണ്ടാകുന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധമാണിത്.
പ്രധാനമന്ത്രി എതി രാമയുടെ ഓഫീസിന് മുന്നിലേക്ക് നടന്ന മാർച്ചിൽ, “അൽബേനിയ വില്പനയ്ക്കുള്ളതല്ല” എന്ന പ്രധാന മുദ്രാവാക്യമാണ് സമരക്കാർ ഉയർത്തിയത്. കുഷ്‌നറുടെ അഫിനിറ്റി പാർട്‌ണേഴ്‌സ് എന്ന നിക്ഷേപ സ്ഥാപനമാണ് അൽബേനിയൻ തീരത്ത് കോടിക്കണക്കിന് ഡോളറിൻ്റെ ആഡംബര ടൂറിസം പദ്ധതിക്ക് ഒരുങ്ങുന്നത്. എന്നാൽ, ഈ പദ്ധതി രാജ്യത്തിൻ്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും വിദേശ സമ്പന്നർക്ക് വേണ്ടി ഭരണകൂടം രാജ്യം പണയം വെക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
എന്താണ് ‘ഫ്ലമിംഗോ വിപ്ലവം’?
അപൂർവ്വ ഇനം ഫ്ലമിംഗോ പക്ഷികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയായ സംരക്ഷിത തണ്ണീർത്തടങ്ങൾക്ക് സമീപമാണ് ഈ റിസോർട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്ന ഈ നിർമ്മാണത്തിനെതിരെ പക്ഷി ചിഹ്നങ്ങളും പ്ലക്കാർഡുകളും ഏന്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. അതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സമരത്തെ ‘ഫ്ലമിംഗോ വിപ്ലവം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
പരിസ്ഥിതി നാശത്തിന് പുറമെ, പദ്ധതിക്ക് പിന്നിലെ സുതാര്യതക്കുറവും ഭരണാധികാരികളുടെ അഴിമതിയുമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. റിസോർട്ട് നിർമ്മാണത്തിനായി പരിസ്ഥിതി നിയമങ്ങളിൽ സർക്കാർ ഇളവ് വരുത്തിയതായി ആരോപണമുണ്ട്. ഇതോടെ പരിസ്ഥിതി സമരമായി ആരംഭിച്ച പ്രതിഷേധം നിലവിലെ പ്രധാനമന്ത്രി എതി രാമയുടെ രാജി ആവശ്യപ്പെടുന്ന ശക്തമായ രാഷ്ട്രീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുള്ള ഇത്തരം നിർമ്മാണങ്ങൾ അൽബേനിയയുടെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന് യൂറോപ്യൻ കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
‘Albania is not for sale’: Nation takes to the streets against Trump’s son-in-law’s luxury project















