
ചിലി: ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ നാലിരട്ടി ഉയരമുള്ള പര്‍വ്വതത്തെ പസഫിക് സമുദ്രത്തില്‍ കണ്ടെത്തി സമുദ്രഗവേഷകര്‍. ചിലി തീരത്ത് നിന്നും 1500 കിലോ മീറ്റര്‍ അകലെയായിട്ടാണ് ഈ പര്‍വ്വതത്തിന്റെ സ്ഥാനം. 3,109 മീറ്റര്‍ ഉയരമാണ് ഈ പര്‍വ്വത നിരകള്‍ക്ക് ഉള്ളത്. ഗ്രീസിലെ മൗണ്ട് ഒളിമ്പിക്സിനെക്കാള്‍ വലിപ്പമുള്ള പര്‍വ്വത നിരയാണ് പസഫിക്കില്‍ കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സ്‌കിമിത്ത് ഓഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ആര്‍/വി ഫ്ളേക്കര്‍ റിസര്‍ച്ച് ഷിപ്പ് ഉപയോഗിച്ച് സോണാര്‍ സംവിധാനത്തിന്റെ സഹായത്താലാണ് പര്‍വ്വതത്തിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയത്. 70 ചതുരശ്ര അടിയിലാണ് ഈ പര്‍വ്വതം വ്യാപിച്ച് കിടക്കുന്നത്. 28 ദിവസത്തോളം ആയിരുന്നു സമുദ്രത്തില്‍ ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. അണ്ടര്‍വാട്ടര്‍ റോബോട്ടുകളെയും പരിശോധനയ്ക്ക് ഉപയോഗിച്ചിരുന്നു. ഇവിടെ വിവിധ തരം ജീവജാലങ്ങള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാസ്പര്‍ ഒക്ടോപസ് ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുണ്ടെന്നാണ് വിവരം.












