ബീച്ചിലെ കളി കാര്യമായി : മണലില്‍ കുഴിച്ച കുഴി മരണക്കുഴിയായി; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്‌ലോറിഡ: ഫ്‌ലോറിഡ ബീച്ചില്‍ സഹോദരനൊപ്പം കളിക്കുകയായിരുന്നു ഫോര്‍ട്ട് വെയ്നില്‍ നിന്നുള്ള ഏഴുവയസുകാരി സ്ലോണ്‍ മാറ്റിംഗ്ലി. സാധാരണ കുട്ടികള്‍ കളിക്കുംപോലെ ചിരിച്ചും സന്തോഷിച്ചും ബീച്ചിലെ മണലില്‍ കുഴി കുഴിച്ചായിരുന്നു ഇരുവരുടേയും കളി.

പക്ഷേ ആ കളി കാര്യമാകുകയും കണ്ണീരണിയുകയും ചെയ്തത് വളരെ പെട്ടന്നായിരുന്നു. ആഴത്തിലുള്ള കുഴി കുഴിച്ചുകൊണ്ടിരിക്കെ ഇരുവരുടേയും മുകളിലേക്ക് മണല്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഒമ്പതുവയസുകാരനായ സഹോദരന്‍ മാഡോക്‌സ് മാറ്റിംഗ്ലി, സ്ലോണിന്റെ മുകളിലായി വീണുപോയി. നിമിഷ നേരം കൊണ്ട് മണല്‍ ഇരുവരേയും പൊതിയാന്‍ തുടങ്ങി. രക്ഷപെടാനാവാത്ത വിധം പെണ്‍കുട്ടി മണലിനടിയില്‍ പെടുകയായിരുന്നു.

1.8 മീറ്റര്‍ ആഴമുണ്ടായിരുന്ന കുഴിയാണ് കളിയ്ക്കിടെ ഇരുവരും ചേര്‍ന്ന് കുഴിച്ചത്. ഈ കുഴി ഒടുവില്‍ പെണ്‍കുട്ടിയുടെ ജീവനെടുത്ത ‘മരണക്കുഴി’യായി മാറുകയായിരുന്നു. എമര്‍ജന്‍സി നമ്പറിലേക്ക് വിളിയെത്തിയപ്പോള്‍ അധികൃതര്‍ ഓടിയെത്തി. കുഴിക്കുള്ളില്‍ മകള്‍ പെട്ടുപോയെന്നുപറഞ്ഞ് അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, മണല്‍മാറ്റി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ശ്വാസംകിട്ടാതെ കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. 1997 മുതല്‍ 2007 വരെ 31 പേരുടെ മരണത്തിന് ഇത് കാരണമായിട്ടുണ്ടെന്നും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide