
വാഷിംഗ്ടൺ: വ്യാജ ഇൻഷുറൻസ് രേഖകൾ ഉപയോഗിച്ച് അമേരിക്കൻ ബാങ്കിൽ നിന്ന് 100 മില്യൺ ഡോളർ (ഏകദേശം 954 കോടി രൂപ) തട്ടിയ കേസിൽ ഇന്ത്യൻ വംശജനായ വ്യവസായി മഹേന്ദർ മഖിജാനി (44) യുഎസിൽ അറസ്റ്റിലായി. കാലിഫോർണിയയിലെ കോറോണ ഡെൽ മാറിൽ താമസിക്കുന്ന ഇയാളെ എഫ്.ബി.ഐയും ആഭ്യന്തര റവന്യൂ സർവീസും ചേർന്നാണ് പിടികൂടിയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പുറമെ ബ്ലാക്ക്‌മെയിലിംഗ്, വധഭീഷണി തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
മഖിജാനിയുടെ ഉടമസ്ഥതയിലുള്ള ‘കാന്റർ ഗ്രൂപ്പ് വി’ എന്ന കമ്പനി വഴിയാണ് തട്ടിപ്പ് നടന്നത്. റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ ഈടായി കാണിച്ച് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതായിരുന്നു രീതി. 2024 സെപ്റ്റംബർ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ അഡോബി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 487 പ്രോപ്പർട്ടി ടൈറ്റിൽ ഇൻഷുറൻസ് പോളിസികളിൽ ഇയാൾ തിരിമറി നടത്തി. ബാങ്കിന് നൽകിയ ഈടുകളിൽ തൻ്റെ കമ്പനിക്കാണ് ഒന്നാം സ്ഥാനത്തെ അവകാശമെന്ന് ഡിജിറ്റൽ മെറ്റാഡാറ്റ മാറ്റി ഇയാൾ ബാങ്കുകളെ വിശ്വസിപ്പിച്ചു. യഥാർത്ഥത്തിൽ മറ്റ് കടക്കാർക്ക് മുൻഗണനയുള്ള, മൂല്യം കുറഞ്ഞ ഈടുകൾ കാണിച്ച് വെസ്റ്റേൺ അലയൻസ് ബാങ്കിൽ നിന്നാണ് ഇയാൾ 100 മില്യൺ ഡോളർ തട്ടിയെടുത്തത്.
ഗ്രീൻ കാർഡിൽ യുഎസിൽ കഴിയുന്ന മഖിജാനി ന്യൂപോർട്ട് ബീച്ചിലെ അതീവ ആഡംബര കൊട്ടാരസദൃശ്യമായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സ്വന്തമായി പ്രൈവറ്റ് ജെറ്റ് വിമാനങ്ങളും ബെന്റ്ലി, പോർഷെ, മെഴ്സിഡസ് ജി-വാഗൺ തുടങ്ങിയ ലക്ഷ്വറി കാറുകളുടെ വൻ ശേഖരവും ഇയാൾക്കുണ്ട്. തട്ടിയെടുത്ത പണം കണ്ടെത്താനാകാത്ത വിധം പന്ത്രണ്ടോളം വ്യാജ ഷെൽ കമ്പനികളിലേക്കും വിദേശ അക്കൗണ്ടുകളിലേക്കും മാറ്റിയതായി യുഎസ് ആഭ്യന്തര റവന്യൂ സർവീസ് കണ്ടെത്തി.
തട്ടിപ്പ് വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്ന് മഖിജാനി ഭീഷണിപ്പെടുത്തിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ബിസിനസ്സ് പങ്കാളികളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ബ്ലാക്ക്‌മെയിൽ ചെയ്യാനായി മയക്കുമരുന്നും ലൈംഗികത്തൊഴിലാളികളും പങ്കെടുക്കുന്ന രഹസ്യ പാർട്ടികൾ ഇയാൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാൾ പലരെയും സമ്മർദ്ദത്തിലാക്കിയിരുന്നത്.മറ്റൊരു റിയൽ എസ്റ്റേറ്റ് തർക്കത്തിൽ കാലിഫോർണിയയിലെ പ്രമുഖ വ്യവസായി മുഹമ്മദ് ഹൊനാർക്കറിന് 1.34 ബില്യൺ ഡോളർ (ഏകദേശം 12,391 കോടി രൂപ) സിവിൽ പിഴയായി നൽകാൻ കഴിഞ്ഞ മാസം കോടതി മഖിജാനിയോട് ഉത്തരവിട്ടിരുന്നു.
കുറ്റം തെളിയിക്കപ്പെട്ടാൽ ബാങ്ക് തട്ടിപ്പ് കേസിൽ മാത്രം ഇയാൾക്ക് 30 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. തട്ടിപ്പ് പുറത്തായാൽ ഇന്ത്യയിലേക്ക് കടക്കുമെന്ന് മഖിജാനി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതിനാൽ കർശന സുരക്ഷയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
Indian-origin man arrested in California for defrauding US bank of Rs 954 crore by forging over 400 documents














