
ചെന്നൈ: കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടിയും നർത്തകിയുമായ ശോഭന. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നാണ് ശോഭന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമാണിതെന്നും തൃശൂരില്‍ നടത്തിയ പരിപാടിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.
തൃശൂരിൽ നടന്ന ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ ശോഭനക്കെതിരെ നവമാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ, വിമർശനങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭന ഉൾപ്പെടെയുള്ളവരെ അതിന്റെ പേരിൽ ബിജെപിയുടെ അറയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതു രാഷ്ട്രീയമുള്ളവരായാലും കലാ, കായിക താരങ്ങൾ കേരളത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നത്. അവരുടെ കഴിവാണ് മാനദണ്ഡം. ശോഭനയേപ്പോലെയുള്ള ഒരു നർത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗൽഭയായ ഒരു സ്ത്രീ… അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അവരെല്ലാം ഏതു രാഷ്ട്രീയത്തിന്റെ ഭാഗമായാലും, ഈ കേരളത്തിന്റെ പൊതുസ്വത്ത് തന്നെയാണ്,’’ എം.വി.ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.











