കയ്യടിനേടുന്ന മാതൃക; ബാക് ടു സ്‌കൂള്‍ റിസോഴ്‌സ് മേള വിജയകരമാക്കി ‘ഐനാനി’

ന്യൂ യോര്‍ക്ക് : ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (ഐനാനി) ന്യൂ യോര്‍ക്ക് ക്വീന്‍സിലെ സ്മോക്കി പാര്‍ക്കില്‍ നൂറിലധികം കിന്റര്‍ഗാര്‍ട്ടനര്‍മാര്‍ക്കും സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ക്കും അവശ്യ സ്‌കൂള്‍ സപ്ലൈസ് നല്‍കിക്കൊണ്ട് ”ബാക്ക് ടു സ്‌കൂള്‍ റിസോഴ്സ് മേള” വിജയകരമായി നടത്തി.

ന്യൂ യോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ കമ്മ്യൂണിറ്റി ഔട്ട്‌റീച്, കുട്ടികളുടെയും കമ്മ്യൂണിറ്റികളുടെയും ഉന്നമനത്തിനുവേണ്ടി സേവനം ചെയ്യുന്ന സംഘടനയുടെ ലോക്കല്‍ ക്ലബ്, കമ്മ്യൂണിറ്റി ബോര്‍ഡ്, എന്നിവയുടെയും റിച്ച്മണ്ട് ഹില്‍ സിറ്റി കൗണ്‍സില്‍ വുമണ്‍ ലിന്‍ഡ ഷുള്‍മാന്റെയും സഹകരണത്തോടെ ന്യൂ യോര്‍ക്ക് സിഖ് കൗണ്‍സിലും ഖല്‍സ കമ്മ്യൂണിറ്റി പാട്രോളും ചേര്‍ന്ന് സംഘടിപ്പിച്ചതായിരുന്നു ഈ ജനസേവന പരിപാടി.

എല്ലാ കുട്ടികള്‍ക്കും സ്‌കൂളിലേക്കാവശ്യമായ സാധനങ്ങള്‍ നിറച്ച ബുക്ക് ബാഗ് നല്‍കിയ ഈ അവസരത്തില്‍ എത്തിയ പ്രദേശത്തെ വിവിധ മത വിഭാഗങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും പ്രതിനിധികളുടെ സാന്നിധ്യവും സഹായവും അവിടുത്തെ സാമൂഹികമായ ഒരുമയുടെ നല്ലൊരു മാതൃകാപ്രകടനം കൂടിയായിരുന്നു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജരായ നഴ്സുമാര്‍ക്കും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സിംഗ് സേവനത്തിന്റെ നിലവാരവും വിദ്യാഭ്യാസ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഐനാനി, ആരോഗ്യമേഖലയില്‍ സൗകര്യങ്ങള്‍ അനുഭവിക്കാനാവാത്ത സാമൂഹികവിഭാഗങ്ങളില്‍ ആരോഗ്യമേളകള്‍, ബ്ലഡ് ഡ്രൈവുകള്‍, വസ്ത്ര ഡ്രൈവുകള്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ പിന്നോക്കം നില്‍ക്കുന്ന കമ്മ്യൂണിറ്റികളില്‍ സഹായ സേവനത്തില്‍ വ്യാപൃതമാണ്.

ഐനാനിയുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി, കമ്മ്യൂണിറ്റി സുരക്ഷ, മാനസിക ക്ഷേമം, സമഗ്രമായ സാമൂഹിക സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഏഷ്യന്‍ ചില്‍ഡ്രന്‍ ആന്റ് ഫാമിലീസ് (CACF) യില്‍ നിന്ന് അടുത്തിടെ 16,800 ഡോളര്‍ ഗ്രാന്റ് നേടി. സമൂഹത്തില്‍ ഏഷ്യക്കാര്‍ നേരിടുന്ന വിദ്വേഷാനുഭവങ്ങളെ ചെറുക്കുന്നതിലും ഐനാനി വിദ്യാഭ്യാസ പരിശീലനത്തിലൂടെ മുന്‍കൈ എടുത്തിട്ടുണ്ട്.

പരിപാടിയില്‍, ഖല്‍സ കമ്മ്യൂണിറ്റി പട്രോള്‍ പ്രസിഡന്റ് ജപ്നീത് സിംഗ് പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും സ്‌കൂള്‍ സപ്ലൈസ് ഉദാരമായി സംഭാവന ചെയ്തതിന് ഐനാനിയോട് നന്ദി അറിയിക്കുകയും ചെയ്തു.

ഏഷ്യന്‍ – അമേരിക്കന്‍ പസിഫിക് ഐലന്റുകാരുടെ ക്ഷേമത്തിനായുള്ള സിഎസിഎഫ് ഗ്രാന്റിന്റെ പ്രാധാന്യം കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍ പോള്‍ പനക്കലും മെമ്പര്‍ഷിപ്പ് കമ്മിറ്റി അധ്യക്ഷ ഡോ.ഷബ്‌നം മുള്‍ട്ടാനിയും ഊന്നിപ്പറഞ്ഞു. ഐനാനിയുടെ രുപീന്ദര്‍ കൗറും സിഖ് സമുദായ നേതാക്കളായ ജാപ്‌നീത് സിങ്ങും ദര്‍ബാര്‍ സിങ്ങും വിവിധ സമുദായങ്ങളുടെ പ്രതിനിധികളും 106 പ്രിസിങ്ക്റ്റില്‍ നിന്നുള്ള പോലീസ് ഓഫീസര്‍മാരും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം പരിപാടിയുടെ വിജയത്തിന് സംഭാവന നല്‍കി.

ഈ വിജയകരമായ ഇവന്റ്, കമ്മ്യൂണിറ്റി ക്ഷേമം പരിപോഷിപ്പിക്കുന്നതിനും ഓരോ കുട്ടിക്കും അവരുടെ വിദ്യാഭ്യാസ യാത്രയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഐനാനിയുടെയും അതിന്റെ പങ്കാളികളുടെയും നിരന്തരമായ പ്രതിബദ്ധത അടിവരയിടുന്നു.

More Stories from this section

family-dental
witywide